
വാഷിംഗ്ടൺ : മിനിയാപൊളിസിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം കടുത്ത പ്രതിഷേധങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. രാജ്യത്തിനകത്തുനിന്ന് മാത്രമല്ല, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ തൻ്റെ സാധാരണ കടുത്ത നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി, കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ ഭരണകൂടത്തിന് അല്പം കൂടി “മൃദുവായ സമീപനം” സ്വീകരിക്കാമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടിരിക്കുന്നു.
ബുധനാഴ്ച എൻബിസി നൈറ്റ്‌ലി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് റെനി ഗുഡ്, അലക്സ് പ്രെറ്റി എന്നിവരുടെ മരണത്തെക്കുറിച്ച് ട്രംപ് സംസാരിച്ചത്. ജനുവരിയിൽ മിനിയാപൊളിസിൽ ഐസിഇ (ICE) ഉദ്യോഗസ്ഥർ നടത്തിയ വെവ്വേറെ ഓപ്പറേഷനുകളിലാണ് ഇരുവരും കൊല്ലപ്പെട്ടത്. രണ്ടുപേരും “മാലാഖമാരൊന്നും” ആയിരുന്നില്ലെന്ന് പറഞ്ഞ ട്രംപ് അവരുടെ മരണം ന്യായീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.
“ഈ രണ്ട് സംഭവങ്ങളിലും ഞാൻ സന്തുഷ്ടനല്ല,” ട്രംപ് പറഞ്ഞു. “അവനും അവളും മാലാഖമാരായിരുന്നില്ല. എങ്കിലും അവിടെ നടന്ന കാര്യങ്ങളിൽ എനിക്ക് സന്തോഷമില്ല. ആർക്കും അതിൽ സന്തോഷിക്കാൻ കഴിയില്ല, ഐസിഇയും ഇതിൽ സന്തുഷ്ടരല്ല.” കൊല്ലപ്പെട്ട റെനി ഗുഡിനെ നേരത്തെ ട്രംപും ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗവും ആഭ്യന്തര ഭീകരവാദിയെന്ന് വിളിച്ചിരുന്നു.
Trump on Renee Good and Alex Pretti: "He was not an angel, and she was not an angel" …"I'm always going to be with our great people of law enforcement." pic.twitter.com/Nno5CkmOly
— Molly Ploofkins (@Mollyploofkins) February 5, 2026
ഫെഡറൽ ഗവൺമെന്റിന്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ മിനിയാപൊളിസിൽ വലിയ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വെടിവയ്പ്പുകൾ നടന്നത്. ഇത് ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വഴിതെളിച്ചു. ഐസിഇ ഉദ്യോഗസ്ഥരെയും ഈ സംഭവങ്ങൾ വല്ലാതെ ബാധിച്ചുവെന്ന് ട്രംപ് പറഞ്ഞു. “അവർ ശക്തരായ ആളുകളാണ്, കുറ്റവാളികളെ നേരിടാൻ അവർക്ക് കടുപ്പമേറിയ നിലപാട് സ്വീകരിക്കേണ്ടി വരും. എങ്കിലും റെനിയുടെയും അലക്സിന്റെയും മരണത്തിൽ ഐസിഇ ഉദ്യോഗസ്ഥർക്ക് വലിയ വിഷമമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ മയപ്പെട്ട പ്രസ്താവനകൾക്കിടയിലും നിയമപാലകർക്കുള്ള ശക്തമായ പിന്തുണ ട്രംപ് ആവർത്തിച്ചു. “നമ്മുടെ നിയമപാലകർക്കൊപ്പമേ ഞാൻ എപ്പോഴും നിൽക്കൂ. അവരെ നമ്മൾ പിന്തുണയ്ക്കണം. അവരെ പിന്തുണച്ചില്ലെങ്കിൽ നമുക്കൊരു രാജ്യമില്ലാതാകും.”
കുടിയേറ്റ നയങ്ങളിൽ എന്നും കർക്കശമായ നിലപാട് സ്വീകരിച്ചിരുന്ന ട്രംപിന്റെ ഈ മാറ്റം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് അതിർത്തി കടന്നുള്ള കുടിയേറ്റങ്ങളിൽ വലിയ കുറവുണ്ടായതായി ഭരണകൂടം അവകാശപ്പെടുന്നുണ്ട്.
Trump softens after Minneapolis shooting that killed 2, says ‘ICE is not happy either’












