ട്രംപിന്റെ കത്ത് പുറത്ത്, ഇറാൻ സൈനിക നടപടിയുടെ കാലാവധി പ്രവചിക്കാനാവില്ലെന്ന് തുറന്നു സമ്മതിച്ചു; ലോകം കടുത്ത ആശങ്കയിൽ

വാഷിം​ഗ്ടൺ: ഇറാനെതിരായ അമേരിക്കൻ സൈനിക നീക്കങ്ങൾ എത്രകാലം നീണ്ടുനിൽക്കുമെന്ന് ഇപ്പോൾ വ്യക്തമാക്കാൻ സാധിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സെനറ്റർ ചക്ക് ഗ്രാസ്‌ലിക്ക് അയച്ച കത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിൽ എത്രയും വേഗം ശാശ്വതമായ സമാധാനം സ്ഥാപിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിലും, നിലവിലെ സാഹചര്യത്തിൽ സൈനിക ദൗത്യത്തിന്റെ വ്യാപ്തിയെക്കുറിച്ചോ കാലാവധിയെക്കുറിച്ചോ കൃത്യമായ ധാരണ നൽകാനാവില്ലെന്ന് സിഎൻഎൻ പുറത്തുവിട്ട കത്തിൽ ട്രംപ് കുറിച്ചു.

ഇറാനുമായി നയതന്ത്രപരമായ പരിഹാരത്തിന് അമേരിക്ക ശ്രമിച്ചിരുന്നുവെന്നും എന്നാൽ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും നേരെയുള്ള ഭീഷണി താങ്ങാനാവുന്നതിലും അപ്പുറമായപ്പോഴാണ് സൈനിക നടപടിയിലേക്ക് നീങ്ങിയതെന്നും ട്രംപ് ന്യായീകരിച്ചു. മേഖലയിലെ അമേരിക്കൻ സൈനികരെയും രാജ്യത്തിന്റെ സുരക്ഷയെയും സംരക്ഷിക്കുന്നതിനൊപ്പം ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കം സുഗമമാക്കുന്നതിനും ഇസ്രായേൽ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പ്രതിരോധത്തിനുമായാണ് ഈ ആക്രമണങ്ങൾ നടത്തിയത്. രാജ്യത്തിന്റെ സുപ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കത്തിൽ ആവർത്തിച്ചു.

ഇറാനെ ആക്രമിക്കുന്നതിനായി പലപ്പോഴായി വ്യത്യസ്തമായ കാരണങ്ങളാണ് ട്രംപ് ഭരണകൂടം മുന്നോട്ടുവെക്കുന്നത്. ജനുവരിയിൽ ഇറാൻ തെരുവുകളിൽ പ്രതിഷേധിച്ച സമരക്കാർക്ക് പിന്തുണ നൽകുക, ഇറാന്റെ ആണവ-ദീർഘദൂര മിസൈൽ പദ്ധതികൾ തടയുക, പതിറ്റാണ്ടുകളായി അമേരിക്കക്കാരെ കൊന്നൊടുക്കുന്ന ഭീകരവാദികളെ പിന്തുണയ്ക്കുന്ന ഭരണകൂടത്തെ ഇല്ലാതാക്കുക എന്നിങ്ങനെ വിവിധ ന്യായീകരണങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഭരണമാറ്റത്തിനായുള്ള യുദ്ധമല്ല ഇതെന്ന് ഉന്നത ഉദ്യോഗസ്ഥർ ആവർത്തിക്കുമ്പോഴും, ഇറാനിലെ ജനങ്ങൾ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ പരസ്യമായ ആഹ്വാനം ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide