
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതി നിയമവിരുദ്ധമാണെന്ന യുഎസ് സുപ്രീം കോടതി വിധിയോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആരെങ്കിലും കളിക്കാൻ മുതിർന്നാൽ നിലവിലുള്ളതിനേക്കാൾ ഉയർന്ന നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. “ദശാബ്‍ദങ്ങളായി അമേരിക്കയെ കൊള്ളയടിക്കുന്ന രാജ്യങ്ങൾ സുപ്രീം കോടതി വിധിയുടെ മറവിൽ കളിക്കാൻ നോക്കിയാൽ, അടുത്തിടെ സമ്മതിച്ചതിനേക്കാൾ വലിയ നികുതി നിരക്കുകൾ അവർ നേരിടേണ്ടി വരും” എന്ന് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ട്രംപ് ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏർപ്പെടുത്തിയ വ്യാപാര നികുതികൾ നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കൻ സുപ്രീം കോടതി വിധിച്ചത്. ഇത് ട്രംപിന്‍റെ സാമ്പത്തിക നയങ്ങൾക്കേറ്റ വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. കോടതി വിധിയെ വെല്ലുവിളിച്ചുകൊണ്ട്, ശനിയാഴ്ച തന്നെ ആഗോളതലത്തിൽ 15 ശതമാനം പുതിയ നികുതി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും നികുതി കൂട്ടുമെന്ന ഭീഷണി ഉയർത്തിയിരിക്കുന്നത്.
ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര യുദ്ധം കൂടുതൽ ശക്തമാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. കോടതി വിധിയിലൂടെ നികുതി ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുകയാണ് ഈ നീക്കത്തിലൂടെ അദ്ദേഹം ചെയ്യുന്നത്. അമേരിക്കൻ വിദേശ വ്യാപാര നയങ്ങളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ് ട്രംപിന്റെ ഈ നിലപാട്. ഇത് അന്താരാഷ്ട്ര വിപണികളെയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളെയും ബാധിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നു.















