
വാഷിംഗ്ടൺ: ഫ്രാൻസിനെതിരെ 200% തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി. ഫ്രാൻസിൽ നിന്നുള്ള വൈൻ, ഷാംപെയ്ൻ എന്നിവയ്ക്ക് 200% ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഗാസയിലെ വെടിനിർത്തലിന് മേൽനോട്ടം വഹിക്കാൻ ട്രംപ് നിർദ്ദേശിച്ച ആഗോള ‘ബോർഡ് ഓഫ് പീസ്’ എന്ന സമിതിയിൽ ചേരാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിസമ്മതിച്ചതാണ് ഈ പ്രകോപനത്തിന് പ്രധാന കാരണം.
മാക്രോൺ ഉടൻ തന്നെ പദവിയിൽ നിന്ന് ഒഴിയുമെന്നും അതിനാൽ ആർക്കും അദ്ദേഹത്തെ ആവശ്യമില്ലെന്നും ട്രംപ് പരിഹസിച്ചു. 200% തീരുവ ഏർപ്പെടുത്തിയാൽ മാക്രോൺ സമിതിയിൽ ചേരാൻ നിർബന്ധിതനാകുമെന്നാണ് ട്രംപിൻ്റെ കണക്കുകൂട്ടൽ.
മാക്രോൺ തനിക്ക് അയച്ച ഒരു സ്വകാര്യ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പങ്കുവെച്ചു. ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിൻ്റെ താൽപ്പര്യത്തെക്കുറിച്ച് മാക്രോൺ സന്ദേശത്തിൽ അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട്. ഇറാൻ, സിറിയ തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കുമെന്ന് സന്ദേശത്തിലുണ്ട്. മാത്രമല്ല, ദാവോസ് ഉച്ചകോടിക്ക് ശേഷം പാരീസിൽ ഒരു ജി7 (G7) കൂടിക്കാഴ്ചയ്ക്കും അത്താഴവിരുന്നിനും മാക്രോൺ, ട്രംപിനെ ക്ഷണിക്കുന്നതായും സന്ദേശത്തിലുണ്ട്.
അതേസമയം, ഡെന്മാർക്കിൻ്റെ ഭാഗമായ ഗ്രീൻലാൻഡ് അമേരിക്ക വാങ്ങുന്നതിനെ എതിർക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ട്രംപ് നേരത്തെയും തീരുവ ഭീഷണി മുഴക്കിയിരുന്നു. ഈ നീക്കങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയൻ ശക്തമായ തിരിച്ചടി നൽകുമെന്ന് മാക്രോൺ വ്യക്തമാക്കിയിട്ടുണ്ട്.
മാക്രോൺ അയച്ച സന്ദേശം യഥാർത്ഥമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകളാണ് ഈ സംഭവങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.
Trump threatens to impose 200% tariffs on France, shares Macron’s private message















