
ദാവോസ്: ലോകത്തിലെ ഏറ്റവും മികച്ച ആയുധശേഖരം അമേരിക്കയുടേതാണെന്ന് അവകാശപ്പെട്ട പ്രസിഡന്റ് ഡോണൾഡ് ട്രംപ്, എന്നാൽ അവയുടെ നിർമ്മാണ വേഗത പോരെന്ന വിമർശനവുമായി രംഗത്തെത്തി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിനിടെ ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
“നമ്മുടെ പക്കൽ ലോകത്തിലെ ഏറ്റവും മികച്ച ഉപകരണങ്ങളുണ്ട്. പാട്രിയറ്റ് മിസൈലുകൾ, ടോമാഹോക്ക്, എഫ്-35 യുദ്ധവിമാനങ്ങൾ എന്നിവയെല്ലാം ലോകോത്തരമാണ്. മറ്റ് രാജ്യങ്ങൾ ഇത് ആഗ്രഹിക്കുന്നു, നമുക്കും ഇത് ആവശ്യമാണ്. എന്നാൽ ഇവ ലഭ്യമാകാൻ വളരെയധികം സമയമെടുക്കുന്നു. നമുക്ക് ഇവ വേഗത്തിൽ നിർമ്മിക്കേണ്ടതുണ്ട്,” ട്രംപ് പറഞ്ഞു.
പ്രതിരോധ ഉപകരണങ്ങളുടെ വിതരണത്തിൽ കാലതാമസം വരുത്തുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഈ മാസമാദ്യം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ ആയുധങ്ങൾ കൈമാറാത്ത കമ്പനികളുടെ എക്സിക്യൂട്ടീവ് ശമ്പളത്തിലും ഓഹരി തിരിച്ചുവാങ്ങലിലും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി പ്രതിരോധ ഉൽപ്പാദന മേഖലയിൽ വൻ മാറ്റങ്ങൾ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു എന്ന സൂചനയാണ് ഈ പ്രസ്താവന നൽകുന്നത്.














