
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുന്ന രീതിയിൽ ഇറാനെതിരെ ശക്തമായ സൈനിക ഭീഷണി ഉയർത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ അടിയന്തരമായി ചർച്ചകൾക്ക് തയ്യാറാവുകയും ആണവ കരാറിൽ ഒപ്പുവെക്കുകയും വേണമെന്നും അല്ലാത്തപക്ഷം രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തോതിലുള്ള സൈനിക ആക്രമണം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം ഈ പ്രകോപനാത്മകമായ പ്രസ്താവന പങ്കുവെച്ചത്.
“ഒരു വൻ കപ്പൽപ്പട ഇറാന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിശക്തമായ കരുത്തോടും ദൃഢനിശ്ചയത്തോടും കൂടിയാണ് ഈ സഞ്ചാരം. വെനസ്വേലയിലേക്ക് മുമ്പ് അയച്ചതിനേക്കാൾ വലിയ സൈനിക വ്യൂഹമാണിത്,” ട്രംപ് പോസ്റ്റ് ചെയ്തു. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന്റെ നേതൃത്വത്തിലുള്ള സംഘം നിലവിൽ ഇന്ത്യൻ സമുദ്രത്തിൽ നിലയുറപ്പിച്ചിരിക്കുകയാണെന്നും ഏത് നിമിഷവും ആക്രമണത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ എത്രയും വേഗം ചർച്ചാ മേശയിലേക്ക് വരണമെന്നും ആണവായുധങ്ങൾ ഇല്ലാത്ത ഒരു സുതാര്യവും വിശ്വസനീയവുമായ കരാറിൽ ഏർപ്പെടണമെന്നുമാണ് ട്രംപിന്റെ ആവശ്യം. “സമയം വേഗത്തിൽ കടന്നുപോകുകയാണ്. മുമ്പ് ഞാൻ പറഞ്ഞത് അനുസരിക്കാതിരുന്നപ്പോഴാണ് ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ നടന്നതും ഇറാൻ തകർന്നതും. അടുത്ത ആക്രമണം അതിനേക്കാൾ ഭയാനകമായിരിക്കും. അത്തരമൊരു സാഹചര്യം ഉണ്ടാക്കരുത്,” ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, പശ്ചിമേഷ്യയിൽ വരും ദിവസങ്ങളിൽ അമേരിക്ക വൻതോതിലുള്ള വ്യോമാഭ്യാസങ്ങൾ നടത്താൻ ഒരുങ്ങുകയാണ്. ഇതിന്‍റെ ഭാഗമായാണ് മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കിയത്. ഇറാനിൽ സർക്കാരിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ സൈനിക നീക്കമെന്നത് ശ്രദ്ധേയമാണ്. യുഎസ്എസ് എബ്രഹാം ലിങ്കൺ നിലവിൽ ഇന്ത്യൻ സമുദ്രത്തിലാണെന്നും ഇറാനോട് അടുത്ത സ്ഥാനത്ത് തന്നെയുള്ളതിനാൽ ഏത് തരത്തിലുള്ള ഓപ്പറേഷനും സജ്ജമാണെന്നും പെന്റഗൺ വൃത്തങ്ങൾ സൂചിപ്പിച്ചു.









