
വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ആരോഗ്യ സംരക്ഷണ മേഖലയെ തന്റെ പ്രചാരണത്തിന്റെ മുഖ്യവിഷയമാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ചരിത്രപരമായി വലിയ തിരിച്ചടികൾ നൽകിയിട്ടുള്ള ഒരു വിഷയം വീണ്ടും സജീവമാക്കുന്നതിൽ ട്രംപിന്റെ ഉപദേശകർക്കിടയിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. എങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഈ തന്ത്രവുമായി മുന്നോട്ട് പോകാനാണ് വൈറ്റ് ഹൗസിന്റെ തീരുമാനം.
മരുന്നുകളുടെ വില കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ജനപ്രിയ പദ്ധതികൾ ഉയർത്തിക്കാട്ടി വോട്ടർമാരെ സ്വാധീനിക്കാനാണ് ട്രംപും മുതിർന്ന ഉദ്യോഗസ്ഥരും ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയിലെ ചിലവുകൾ വർധിക്കുന്നതിനെ ചൊല്ലി ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ഉണ്ടായേക്കാവുന്ന രാഷ്ട്രീയ ആക്രമണങ്ങളെ മുൻകൂട്ടി പ്രതിരോധിക്കുക എന്ന ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ഭരണകൂടവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കാലങ്ങളായി ആരോഗ്യനയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ തങ്ങൾ പിന്നിലാണെന്നും എന്നാൽ ഇനി അക്രമണാത്മകമായ പ്രചാരണ രീതി സ്വീകരിക്കുമെന്നും ട്രംപിന്റെ ഉപദേശകർ വ്യക്തമാക്കുന്നു.
പുതിയ തന്ത്രത്തിന്റെ ഭാഗമായി നവംബറിലെ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ നിർണ്ണായകമായ ആരോഗ്യ നിയമനിർമ്മാണങ്ങൾ നടത്താൻ റിപ്പബ്ലിക്കൻ ജനപ്രതിനിധികളെ വൈറ്റ് ഹൗസ് പ്രേരിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തന രീതികളിൽ വലിയ മാറ്റങ്ങൾ വരുത്താനും ഭരണകൂടം ശ്രമിക്കുന്നു. വാക്സിനുകൾ പോലുള്ള തർക്കവിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് കൂടുതൽ ജനകീയമായ വിഷയങ്ങളിലേക്ക് വകുപ്പിനെ എത്തിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.















