ഗൾഫ്‌സ്ട്രീം എയ്‌റോസ്‌പേസിൻ്റെ ബിസിനസ് ജെറ്റുകൾക്ക് ഉടൻ സർട്ടിഫിക്കേഷൻ നൽകണം, ഇല്ലെങ്കിൽ കാനഡയ്ക്ക് 50% തീരുവ; ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടൺ: യുഎസ് വിമാന നിർമ്മാതാക്കളായ ഗൾഫ്‌സ്ട്രീം എയ്‌റോസ്‌പേസിൻ്റെ ബിസിനസ് ജെറ്റുകൾക്ക് കാനഡ ഉടൻ സർട്ടിഫിക്കേഷൻ നൽകണമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി. തൻ്റെ തീരുമാനം നടപ്പിലാക്കിയില്ലെങ്കിൽ കാനഡയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും 50% തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അമേരിക്കൻ നിർമ്മിത ഗൾഫ്‌സ്ട്രീം 500, 600, 700, 800 ജെറ്റുകൾക്ക് സർട്ടിഫിക്കേഷൻ നൽകുന്നതിൽ കാനഡ മനഃപൂർവം കാലതാമസം വരുത്തുന്നുവെന്നാണ് ട്രംപിൻ്റെ ആരോപണം. ഈ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
ഗൾഫ്‌സ്ട്രീമിന് അനുമതി നൽകിയില്ലെങ്കിൽ കാനഡയുടെ പ്രമുഖ വിമാന നിർമ്മാതാക്കളായ ബോംബാർഡിയറുടെ ഗ്ലോബൽ എക്സ്പ്രസ് ജെറ്റുകൾ ഉൾപ്പെടെ കാനഡയിൽ നിർമ്മിച്ച എല്ലാ വിമാനങ്ങളുടെയും സർട്ടിഫിക്കേഷൻ റദ്ദാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“ഏതെങ്കിലും കാരണത്താൽ, ഈ സാഹചര്യം ഉടനടി ശരിയാക്കിയില്ലെങ്കിൽ, അമേരിക്കയിലേക്ക് വിൽക്കുന്ന എല്ലാ വിമാനങ്ങൾക്കും ഞാൻ കാനഡയിൽ നിന്ന് 50% തീരുവ ഈടാക്കും,” ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ എഴുതി.

അമേരിക്കയിലേക്ക് വിൽക്കുന്ന എല്ലാ കനേഡിയൻ വിമാനങ്ങൾക്കും 50% ഇറക്കുമതി തീരുവ ചുമത്തുന്നത് വിമാനങ്ങളുടെ വില വലിയ തോതിൽ വർദ്ധിപ്പിക്കുകയും കാനഡയുടെ ഏറോസ്‌പേസ് മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ട്രംപ് വിവിധ വ്യാപാര വിഷയങ്ങളിൽ തർക്കത്തിലേർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി എത്തിയിരിക്കുന്നത്. ഈ നീക്കം അമേരിക്കയിലെ വിമാനക്കമ്പനികളെയും യാത്രക്കാരെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു, കാരണം കാനഡയിൽ നിർമ്മിക്കുന്ന റീജിയണൽ ജെറ്റുകളെ പല യുഎസ് സർവീസുകളും ആശ്രയിക്കുന്നുണ്ട്. ചൈനയുമായി കാനഡ വ്യാപാര കരാറിലേർപ്പെട്ടാൽ 100% താരിഫ് ചുമത്തുമെന്നും നേരത്തെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

Trump warns Canada to certify Gulfstream Aerospace’s business jets soon

More Stories from this section

family-dental
witywide