ഇറാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടാൽ പ്രത്യാക്രമണം അതിരൂക്ഷമാകും; മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ അമേരിക്ക മുമ്പത്തേക്കാൾ ശക്തമായ സൈനിക നടപടികളിലേക്ക് നീങ്ങുമെന്ന് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ‘ന്യൂയോർക്ക് പോസ്റ്റിന്’ നൽകിയ അഭിമുഖത്തിലാണ്, ഇറാന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കിൽ യുദ്ധം കൂടുതൽ തീവ്രതയോടെ പുനരാരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനികമായ ആയുധങ്ങളും വെടിക്കോപ്പുകളും അമേരിക്കൻ കപ്പലുകളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘം പാകിസ്ഥാനിൽ ഇറാൻ അധികൃതരുമായി ചർച്ചയ്ക്ക് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. വരാനിരിക്കുന്ന 24 മണിക്കൂർ ഈ ചർച്ചകളുടെ ഭാവി നിശ്ചയിക്കുന്നതിൽ നിർണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ ഭരണകൂടത്തിന്റെ നിലപാടുകളിൽ വിശ്വാസമില്ലെന്ന് പ്രകടിപ്പിച്ച ട്രംപ്, അവർ മുഖാമുഖം സംസാരിക്കുന്നതല്ല പുറത്ത് മാധ്യമങ്ങളോട് പറയുന്നതെന്നും ആരോപിച്ചു.

ആണവായുധങ്ങൾ ഉപേക്ഷിക്കുമെന്ന് ഉറപ്പുനൽകുകയും പിന്നീട് യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇറാന്റേതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാൻ ചർച്ചകളിൽ ആത്മാർത്ഥത കാണിച്ചില്ലെങ്കിൽ മുൻപ് നടത്തിയതിനേക്കാൾ വലിയ പ്രഹരം അവർക്ക് നേരിടേണ്ടി വരും. യുഎസ് സൈന്യം എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി സജ്ജമാണെന്നും “റീസെറ്റ്” ബട്ടൺ അമർത്താൻ താൻ തയ്യാറാണെന്നുമുള്ള കർശനമായ സന്ദേശമാണ് ട്രംപ് നൽകുന്നത്. അന്താരാഷ്ട്ര സമൂഹം അതീവ ജാഗ്രതയോടെയാണ് പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ചർച്ചകളെ വീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide