‘അവർ‌‌ യാചിക്കുകയാണ് വേണ്ടത്, ഇത് അംഗീകരിക്കാനാവില്ല’; ഇറാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്, സമയം അതിക്രമിക്കുന്നു എന്ന് ഭീഷണി

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്താൻ ഇറാന് മുന്നിലുള്ള സമയം അവസാനിക്കുകയാണെന്നും വൈകിയാൽ പ്രത്യാഘാതം കഠിനമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഇറാനിയൻ ചർച്ചാ പ്രതിനിധികളുടെ സമീപനം വിചിത്രമാണെന്ന് ട്രംപ് കുറിച്ചു. “സൈനികമായി തകർന്ന അവസ്ഥയിലായ ഇറാൻ ഒരു കരാറിനായി യാചിക്കുകയാണ് വേണ്ടത്. എന്നാൽ തങ്ങളുടെ നിർദ്ദേശങ്ങൾ പരിശോധിച്ചു വരികയാണെന്നാണ് അവർ പരസ്യമായി പറയുന്നത്. ഇത് അംഗീകരിക്കാനാവില്ല,” ട്രംപ് കുറിച്ചു. ഗൗരവകരമായ നിലപാട് സ്വീകരിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ പിന്നീട് തിരിച്ചുപോക്കില്ലാത്ത അവസ്ഥയുണ്ടാകുമെന്നും അത് ഒട്ടും ശുഭകരമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും ആഭ്യന്തര പ്രത്യാഘാതങ്ങൾ ഭയന്നാണ് അത് പരസ്യമായി സമ്മതിക്കാത്തതെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ചർച്ചകൾ വഴിമുട്ടിയിട്ടില്ലെന്നും സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പാകിസ്ഥാനിൽ വെച്ച് ഇരുവിഭാഗവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അമേരിക്ക ശ്രമിക്കുന്നുണ്ടെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇടനിലക്കാർ വഴി സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ച്ചി സ്ഥിരീകരിച്ചെങ്കിലും അമേരിക്കയുടെ നിലപാടുകളിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

More Stories from this section

family-dental
witywide