ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ ഊർജ്ജകേന്ദ്രങ്ങൾ തകർക്കും: കർശന മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് ഉടനടി വ്യാപാരത്തിനായി തുറന്നുകൊടുത്തില്ലെങ്കിൽ ഇറാൻ്റെ എണ്ണപ്പാടങ്ങളും വൈദ്യുതി നിലയങ്ങളും ഉൾപ്പെടെയുള്ള നിർണ്ണായക ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിച്ചു തകർക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇറാന് കടുത്ത മുന്നറിയിപ്പ് നൽകിയത്.

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കി കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ ഇതുവരെ ലക്ഷ്യം വെക്കാത്ത ഇറാൻ്റെ പ്രധാന ആസ്തികൾ തകർക്കുമെന്നാണ് ഭീഷണി. ഇറാൻ്റെ വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങൾ, എണ്ണക്കിണറുകൾ, പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ്, കൂടാതെ ശുദ്ധജല പ്ലാൻ്റുകൾ എന്നിവയാകും അടുത്ത ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി.

“ഇറാൻ ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് വ്യാപാരത്തിനായി തുറന്നു നൽകണം. അല്ലാത്തപക്ഷം, അവരുടെ ഊർജ്ജ മേഖല പൂർണ്ണമായും ഇല്ലാതാക്കും,” ട്രംപ് കുറിച്ചു. ഇറാനിലെ പുതിയ ഭരണകൂടവുമായി ഗൗരവകരമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും സൈനിക നടപടികൾ അവസാനിപ്പിക്കാൻ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കരാറിൽ എത്തുന്നതിൽ പരാജയപ്പെട്ടാൽ ഭവിഷ്യത്ത് കഠിനമായിരിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ഒരു മാസമായി തുടരുന്ന സംഘർഷത്തെത്തുടർന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. നിലവിൽ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 115 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്.

അതേസമയം, അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെ മേഖലയിൽ യുദ്ധഭീതി ശക്തമായി. തങ്ങളുടെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ കനത്ത തിരിച്ചടി നൽകുമെന്നും മേഖലയിലെ യുഎസ് സഖ്യകക്ഷികളുടെ എണ്ണപ്പാടങ്ങൾ ലക്ഷ്യം വെക്കുമെന്നും ഇറാൻ പ്രതികരിച്ചു. അമേരിക്കൻ നീക്കങ്ങളെ പ്രതിരോധിക്കാൻ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്ന സൂചനയും ഇറാൻ നൽകിയിട്ടുണ്ട്.

Trump warns Iran’s energy facilities will be destroyed if Strait of Hormuz is not opened

More Stories from this section

family-dental
witywide