
വാഷിംഗ്ടൺ: ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കൻ നീക്കത്തെ എതിർക്കുന്ന രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ഗ്രീൻലാൻഡിനൊപ്പം പോകുന്നില്ലെങ്കിൽ രാജ്യങ്ങൾക്ക് ഞാൻ തീരുവ ചുമത്തിയേക്കാം, കാരണം ദേശീയ സുരക്ഷയ്ക്ക് നമുക്ക് ഗ്രീൻലാൻഡ് ആവശ്യമാണ്,” വെള്ളിയാഴ്ച നടന്ന ഗ്രാമീണ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള വൈറ്റ് ഹൗസ് യോഗത്തിൽ ട്രംപ് പറഞ്ഞു.
ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള തൻ്റെ അഭിലാഷങ്ങൾക്ക് എതിർ ശബ്ദമാകുന്ന രാജ്യങ്ങളെ തീരുവകൊണ്ട് ശിക്ഷിച്ച് വരുതിയിലാക്കാനാണ് ട്രംപിൻ്റെ നീക്കം. ഇതിലൂടെ ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനോട് സഹകരിക്കാത്ത രാജ്യങ്ങൾക്കെതിരെ സാമ്പത്തിക സമ്മർദ്ദം ചെലുത്തും. മരുന്നുകൾക്കും മറ്റും യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയത് പോലെ, ഗ്രീൻലാൻഡ് വിഷയത്തിലും ഇത് ആവർത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്രീൻലാൻഡ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ സ്വാധീനം ആർട്ടിക് മേഖലയിൽ തടയാൻ ഇത് ആവശ്യമാണെന്നും ട്രംപ് വാദിക്കുന്നു.
ഏതൊക്കെ രാജ്യങ്ങൾക്കാണ് പുതിയ തീരുവകൾ ചുമത്തേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം , ഗ്രീൻലാൻഡ് വിൽപനയ്ക്കുള്ളതല്ലെന്നും അത് ഒരു പരമാധികാര പ്രദേശമാണെന്നും ഡെന്മാർക്കും ഗ്രീൻലാൻഡ് സർക്കാരും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ഈ നീക്കത്തെ ജർമ്മനി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും നാറ്റോ (NATO) സഖ്യകക്ഷികളും ശക്തമായി എതിർക്കുന്നു. ഡെന്മാർക്കിന് പിന്തുണയുമായി യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സൈനികരെ ഗ്രീൻലാൻഡിലേക്ക് അയച്ചിട്ടുണ്ട്. ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കുന്നത് ഒരു ഓപ്ഷനാണെന്ന് വൈറ്റ് ഹൗസ് നേരത്തെ സൂചിപ്പിച്ചിരുന്നു. അമേരിക്കൻ കോൺഗ്രസിലെ ഒരു സംഘം ജനപ്രതിനിധികൾ നിലവിൽ ഡെന്മാർക്ക് സന്ദർശിച്ച് നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ട്രംപ് തന്റെ കർക്കശമായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനമായ സ്ഥാനവും പ്രകൃതിവിഭവങ്ങളും അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ അതിനെ വളരെ പ്രധാനപ്പെട്ടതാക്കുന്നു. വടക്കേ അമേരിക്കയ്ക്കും യൂറോപ്പിനും ഇടയിലുള്ള ആർട്ടിക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻലാൻഡ്, മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും നിരീക്ഷണ കേന്ദ്രങ്ങൾക്കും ഏറ്റവും അനുയോജ്യമായ ഇടമാണ്. ശീതയുദ്ധകാലം മുതൽ അമേരിക്ക അവിടെയുള്ള തൂൾ എയർ ബേസ് (Thule Air Base) (നിലവിൽ ‘പിറ്റുഫിക് സ്പേസ് ഫോഴ്സ് ബേസ്’) ഉപയോഗിക്കുന്നുണ്ട്. ആർട്ടിക് മേഖലയിലൂടെ കടന്നുപോകുന്ന മിസൈലുകളെയും വിമാനങ്ങളെയും കണ്ടെത്തി തടയാൻ സഹായിക്കുന്ന അത്യാധുനിക റഡാർ സംവിധാനങ്ങൾ ഗ്രീൻലാൻഡിലുണ്ട്. അപൂർവ്വമായ ധാതുക്കളായ ലന്താനൈഡുകൾ, യുറേനിയം, സ്വർണ്ണം, സിങ്ക്, ഇരുമ്പ് തുടങ്ങിയവയുടെ വലിയ ശേഖരം ഗ്രീൻലാൻഡിലുണ്ട്. കൂടാതെ, മഞ്ഞ് ഉരുകുന്നതോടെ ആർട്ടിക് സമുദ്രത്തിനടിയിലുള്ള എണ്ണ, വാതക നിക്ഷേപങ്ങൾ ഖനനം ചെയ്യാനുള്ള സാധ്യതയും വർദ്ധിച്ചിരിക്കുന്നു.
Trump warns of new tariffs on countries opposing Greenland acquisition.















