പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നയങ്ങൾ മാറ്റി അമേരിക്ക, പരിസ്ഥിതി നയത്തിൽ വൻ അഴിച്ചുപണി; മലിനീകരണ നിയന്ത്രണ അധികാരം റദ്ദാക്കാൻ ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അമേരിക്കയുടെ കാലാവസ്ഥാ നയങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ അധികാരം വെട്ടിക്കുറയ്ക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഹരിതഗൃഹ വാതക മലിനീകരണം നിയന്ത്രിക്കാനുള്ള ഇപിഎയുടെ നിയമപരമായ അടിത്തറയായിരുന്ന ‘എൻഡേഞ്ചർമെന്റ് ഫൈൻഡിംഗ്’ റദ്ദാക്കാനാണ് സർക്കാർ നീക്കം. ഈ ആഴ്ചയോടെ ഇതിനുള്ള നടപടികൾ പൂർത്തിയാകുമെന്ന് ഇപിഎ അഡ്മിനിസ്‌ട്രേറ്റർ ലീ സെൽഡിൻ അറിയിച്ചു.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നിയന്ത്രണ വിരുദ്ധ നടപടി എന്നാണ് ലീ സെൽഡിൻ ഇതിനെ വിശേഷിപ്പിച്ചത്. 2009-ൽ ഒബാമ ഭരണകൂടം നടപ്പിലാക്കിയ ഈ നിയമം, മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനം പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ശാസ്ത്രീയമായി വിലയിരുത്തിയിരുന്നു. എണ്ണ-വാതക കമ്പനികൾ, വൈദ്യുത നിലയങ്ങൾ, വാഹനങ്ങൾ എന്നിവയിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാൻ സർക്കാരിന് അധികാരം നൽകിയിരുന്നത് ഈ കണ്ടെത്തലായിരുന്നു.

വൈദ്യുത നിലയങ്ങളിലും വാഹനങ്ങളിലും ഹരിതഗൃഹ വാതകങ്ങൾ നിയന്ത്രിക്കാൻ ഇ.പി.എയ്ക്ക് ഇനി നിയമപരമായി സാധിക്കില്ല. ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ബൈഡൻ ഭരണകൂടം കൊണ്ടുവന്ന കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ ഇതോടെ റദ്ദാകും. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ വാഹനങ്ങൾ തിരഞ്ഞെടുക്കാൻ അവസരമൊരുക്കുമെന്ന് സർക്കാർ വാദിക്കുന്നു.

പരിസ്ഥിതി നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് വഴി വ്യവസായ മേഖലയിലെ ചെലവ് കുറയ്ക്കാനും ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് ട്രംപ് ഭരണകൂടം കരുതുന്നു. എന്നാൽ, ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്ക പിന്നോട്ട് പോകുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നു. ഈ തീരുമാനത്തിന് പിന്നാലെ കോടതികളിൽ കടുത്ത നിയമപോരാട്ടം നടക്കാനാണ് സാധ്യത.

Also Read

More Stories from this section

family-dental
witywide