
വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ പേര് ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ’ എന്ന് പുനർനാമകരണം ചെയ്യാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നീക്കം ഖജനാവിന് വൻ ബാധ്യതയാകുമെന്ന് റിപ്പോർട്ട്. ഈ പേരുമാറ്റം നടപ്പിലാക്കാൻ ഏകദേശം 125 മില്യൺ ഡോളറിൽ അധികം (ഏകദേശം 1,000 കോടി രൂപയിലേറെ) ചെലവ് വരുമെന്ന് കോൺഗ്രഷണൽ ബജറ്റ് ഓഫീസ് പുറത്തുവിട്ട വിശകലന റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2025 സെപ്റ്റംബറിലാണ് ട്രംപ് ഈ വിവാദ ഉത്തരവിൽ ഒപ്പിട്ടത്. രാഷ്ട്രത്തിന് വേണ്ടി എപ്പോൾ വേണമെങ്കിലും യുദ്ധം ചെയ്യാനും ജയിക്കാനുമുള്ള അമേരിക്കയുടെ സന്നദ്ധത പ്രകടിപ്പിക്കാനാണ് ഈ പേര് മാറ്റമെന്നാണ് ട്രംപിന്റെ വാദം.
പുതിയ പേര് പതിപ്പിച്ച കൊടികൾ, പ്ലാക്കാർകൾ, പരിശീലന സാമഗ്രികൾ എന്നിവയ്ക്കായി ഇതിനോടകം തന്നെ 1.9 മില്യൺ ഡോളർ ചിലവിട്ടു കഴിഞ്ഞു. ഇത് വെറും 30 ദിവസത്തെ മാത്രം കണക്കാണ്. അമേരിക്കൻ ഭരണഘടന പ്രകാരം ഒരു മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പേര് മാറ്റാൻ കോൺഗ്രസിന്‍റെ അനുമതി വേണം. അതിനാൽ നിലവിൽ ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ’ എന്നത് ഒരു ഉപനാമമായി മാത്രമാണ് ഉപയോഗിക്കുന്നത്. ഔദ്യോഗിക പേര് ഇപ്പോഴും ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ്’ എന്ന് തന്നെയാണ്.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഈ നീക്കത്തെ ശക്തമായി പിന്തുണയ്ക്കുന്നു. സൈന്യത്തിനിടയിൽ ‘ജയിക്കാൻ വേണ്ടി പോരാടുക’ എന്ന മനോഭാവം വളർത്താൻ ഈ പേര് മാറ്റം സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഓരോ സൈനിക കേന്ദ്രങ്ങളിലും ഓഫീസുകളിലും വെബ്‌സൈറ്റുകളിലും മാറ്റങ്ങൾ വരുത്തേണ്ടി വരുന്നതിനാലാണ് ചിലവ് ഇത്രയധികം ഉയരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1947-ലാണ് അമേരിക്ക ‘വാർ ഡിപ്പാർട്ട്‌മെന്റ്’ എന്ന പേര് മാറ്റി ‘ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ്’ എന്നാക്കിയത്. ദശാബ്‍ദങ്ങൾക്ക് ശേഷം ആ പഴയ പേര് തിരികെ കൊണ്ടുവരാനുള്ള ട്രംപിന്‍റെ ശ്രമം അമേരിക്കയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.















