
വാഷിംഗ്ടൺ: ഇറാനിലെ പുതിയ ഭരണകൂടവുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തെ രൂക്ഷമായി പരിഹസിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. നിലവിലെ ഭരണകൂടം കൂടുതൽ മിതവാദികളാണെന്ന വൈറ്റ് ഹൗസിന്റെ ധാരണ വെറും വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് ബോൾട്ടൻ ട്രംപിന്റെ നിലപാടുകളെ തള്ളിയത്.
യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ ഭരണകൂടത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചായിരുന്നു ബോൾട്ടന്റെ പരാമർശം. “ഫെബ്രുവരി 28-ന് മുൻപുണ്ടായിരുന്ന ഭരണകൂടത്തിൽ നിന്ന് വ്യത്യസ്തരാണ് ഇപ്പോൾ ചർച്ച നടത്തുന്നവർ എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഇത് പൂർണ്ണമായും ഒരു പ്രത്യയശാസ്ത്ര ഭരണകൂടമാണ്. ദശാബ്ദങ്ങളായി ശുദ്ധീകരണ പ്രക്രിയകളിലൂടെ കടന്നുപോയവരാണവർ. മുഖങ്ങൾ മാറിയേക്കാം, പക്ഷേ അവരുടെ പ്രത്യയശാസ്ത്രം മാറില്ല,” ബോൾട്ടൻ വ്യക്തമാക്കി.
ഇറാനിലെ പുതിയ ഭരണകൂടം കൂടുതൽ ‘യുക്തിസഹമായി’ പെരുമാറുന്നുവെന്നും അവരുമായി ഗൗരവകരമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായും സേവനമനുഷ്ഠിച്ച ബോൾട്ടൻ രംഗത്തെത്തിയത്. ഇറാന്റെ തന്ത്രപ്രധാന നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്ന ബോൾട്ടന്റെ മുന്നറിയിപ്പ് ചർച്ചയായിട്ടുണ്ട്.














