
വാഷിംഗ്ടൺ: മുൻപില്ലാത്ത വിധം സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കെതിരെ പരസ്യവിമർശനവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെനസ്വേലയിലെ സൈനിക നടപടികൾക്കുള്ള പ്രസിഡന്‍റിന്‍റെ അധികാരം പരിമിതപ്പെടുത്തുന്ന ‘വാർ പവേഴ്സ് റെസല്യൂഷനിൽ’ അനുകൂലമായി വോട്ട് ചെയ്ത അഞ്ച് റിപ്പബ്ലിക്കൻ സെനറ്റർമാരെയാണ് ട്രംപ് ലക്ഷ്യമിട്ടത്. “ഇവരെയൊന്നും ഇനി അധികാരത്തിലേക്ക് തിരഞ്ഞെടുക്കരുത്” എന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ തുറന്നടിച്ചത്.
സൂസൻ കോളിൻസ് (മെയിൻ), ലിസ മർകോവ്സ്കി (അലാസ്ക), റാൻഡ് പോൾ (കെന്റക്കി), ജോഷ് ഹാവ്ലി (മിസോറി), ടോഡ് യംഗ് (ഇന്ത്യാന) എന്നീ സെനറ്റർമാർക്കെതിരെയാണ് ട്രംപ് ആഞ്ഞടിച്ചത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ, കോൺഗ്രസിന്റെ അനുമതിയില്ലാതെ അവിടെ തുടർന്നുള്ള സൈനിക നീക്കങ്ങൾ നടത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കുന്ന പ്രമേയത്തെയാണ് ഇവർ പിന്തുണച്ചത്. ഇത് അമേരിക്കയുടെ പ്രതിരോധത്തെ ദുർബലപ്പെടുത്തുന്ന വിഡ്ഢിത്തം ആണെന്ന് ട്രംപ് കുറ്റപ്പെടുത്തി.
2026-ലെ സെനറ്റ് തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം നേരിടുന്ന സൂസൻ കോളിൻസിനെ ട്രംപ് തള്ളിക്കളഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. കോളിൻസിന്റെ എതിരാളിയും മെയിൻ ഗവർണറുമായ ജാനറ്റ് മിൽസ് ഇതിനെ പരിഹസിച്ചു. “ട്രംപ് ഇപ്പോൾ എന്നെയാണോ പിന്തുണയ്ക്കുന്നത്” എന്ന് കോളിൻസ് ഇതിനോട് പ്രതികരിച്ചു.
റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ട്രംപിനുള്ള പൂർണ്ണാധിപത്യത്തിന് മങ്ങലേൽക്കുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ കാണുന്നത്. അടുത്തിടെ ഇന്ത്യാനയിൽ നടന്ന സംസ്ഥാന തല വോട്ടെടുപ്പുകളിലും ട്രംപിന്റെ നിലപാടുകൾക്കെതിരെ റിപ്പബ്ലിക്കൻ അംഗങ്ങൾ വോട്ട് ചെയ്തിരുന്നു.












