
വാഷിംഗ്ടൺ: വെനസ്വേലന്‍ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് പിന്നാലെ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ശ്രദ്ധ ക്യൂബയിലേക്ക് തിരിയുന്നു. ക്യൂബയിലെ ഏകദേശം ഏഴ് പതിറ്റാണ്ടുകള്‍ നീണ്ട കമ്യൂണിസ്റ്റ് ഭരണം ഈ വർഷം അവസാനത്തോടെ അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം സജീവമായി നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇതിലൂടെ തൻ്റെ വിദേശനയ ചരിത്രത്തില്‍ വലിയൊരു നേട്ടം കൈവരിക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നു.
ക്യൂബന്‍ ഭരണകൂടത്തിനുള്ളില്‍ നിന്ന് തന്നെ മാറ്റത്തിന് തയ്യാറുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താനും അവരുമായി ചര്‍ച്ചകള്‍ നടത്തി ഭരണം മാറ്റാനുമാണ് യുഎസ് ശ്രമിക്കുന്നത്. വെനസ്വേലയിലെ സൈനിക ഓപ്പറേഷനെ ഇതിനൊരു മാതൃകയായാണ് യുഎസ് കാണുന്നത്. മഡുറോയുടെ ഭരണകാലത്ത് ക്യൂബയ്ക്ക് വെനസ്വേലയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മഡുറോയെ യുഎസ് പിടികൂടിയത് ക്യൂബയ്ക്ക് വലിയ ക്ഷീണമാണ്. കൂടാതെ, വെനസ്വേലയില്‍ നിന്നുള്ള എണ്ണ സഹായം നിലച്ചതോടെ ക്യൂബന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്ന് യുഎസ് വിലയിരുത്തുന്നു. ‘വളരെ വൈകുന്നതിന് മുമ്പ് ഒരു കരാറിലെത്തുക’ എന്ന് ട്രംപ് ക്യൂബന്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ക്യൂബയില്‍ കടുത്ത ഇന്ധനക്ഷാമവും വൈദ്യുതി തടസ്സവും അനുഭവപ്പെടുന്ന നിലവിലെ സാഹചര്യം ഭരണമാറ്റത്തിന് അനുയോജ്യമാണെന്ന് യുഎസ് ഇൻ്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെ, ഈ നീക്കത്തിന്റെ ഭാഗമായി മിയാമിയിലും വാഷിംഗ്ടണിലുമുള്ള ക്യൂബന്‍ പ്രവാസി ഗ്രൂപ്പുകളുമായി ചേര്‍ന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ക്യൂബയ്ക്ക് മേൽ വീസ നിയന്ത്രണങ്ങളും ട്രംപ് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ട്.
Trump’s move to end the communist rule in Cuba, which has lasted for seven decades, this year










