ട്രംപ് ഭരണകൂട നടപടികൾ അമേരിക്കൻ ഖജനാവിന് വൻ ബാധ്യതയെന്ന് റിപ്പോർട്ട്; സൈനിക വിന്യാസത്തിന് മാസം ചെലവഴിക്കുന്നത് 9.3 കോടി ഡോളർ

വാഷിംഗ്ടൺ: അമേരിക്കയിലെ വിവിധ നഗരങ്ങളിൽ സായുധരായ നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നീക്കം രാജ്യത്തിന് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തുന്നതായി റിപ്പോർട്ട്. നിഷ്പക്ഷ സമിതിയായ കോൺഗ്രഷണൽ ബജറ്റ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ജൂൺ മുതൽ ഡിസംബർ വരെയുള്ള ആറ് മാസത്തിനിടെ ഏകദേശം 49.6 കോടി ഡോളർ (ഏകദേശം 4,100 കോടി രൂപ) ഇതിനായി ചിലവഴിച്ചു.

ഒറിഗൺ സെനറ്റർ ജെഫ് മെർക്ക്ലിയുടെ അഭ്യർത്ഥനപ്രകാരം നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. നിലവിലെ രീതിയിൽ സൈനിക വിന്യാസം തുടരുകയാണെങ്കിൽ 2026-ൽ മാത്രം 110 കോടി ഡോളറിലധികം നികുതിപ്പണം ഇതിനായി മാറ്റിവെക്കേണ്ടി വരുമെന്ന് സിബിഒ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ കണക്കുകൾ പ്രകാരം ഓരോ മാസവും ഏകദേശം 9.3 കോടി ഡോളറാണ് സൈനിക വിന്യാസത്തിനായി മാത്രം ചിലവാകുന്നത്. സൈനികരുടെ ശമ്പളം, വിന്യാസത്തിനായുള്ള ഗതാഗത സൗകര്യങ്ങൾ, മറ്റ് അനുബന്ധ ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കാനും പ്രതിഷേധങ്ങൾ അടിച്ചമർത്താനും നഗരങ്ങളിൽ സൈന്യത്തെ ഉപയോഗിക്കുന്നതിനെതിരെ ഡെമോക്രാറ്റുകൾ ശക്തമായ പ്രതിഷേധത്തിലാണ്. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സെനറ്റ് ബജറ്റ് കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. മിനിയാപൊളിസ് പോലുള്ള നഗരങ്ങളിൽ ഫെഡറൽ ഏജന്‍റുകളുടെ നടപടികൾക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, ഈ സൈനിക വിന്യാസം വർദ്ധിപ്പിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇത് അമേരിക്കൻ നഗരങ്ങളെ കൂടുതൽ സംഘർഷഭരിതമാക്കുന്നതിനൊപ്പം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കും നയിച്ചേക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Also Read

More Stories from this section

family-dental
witywide