കർഷകർക്കായി ട്രംപിൻ്റെ ‘ഒൺലിഫാംസ്’; പേരിനെച്ചൊല്ലി വിവാദവും പരിഹാസവും

വാഷിംഗ്ടൺ ഡി.സി: ദേശീയ കാർഷിക ദിനത്തോടനുബന്ധിച്ച് അമേരിക്കൻ കർഷകർക്കായി പുതിയ ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തിറക്കി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ‘ഒൺലിഫാംസ്’ (OnlyFarms) എന്ന് പേരിട്ടിരിക്കുന്ന ഈ വെബ്‌സൈറ്റ്, ട്രംപ് ഭരണകൂടം കർഷകർക്കായി നടപ്പിലാക്കുന്ന സാമ്പത്തിക പദ്ധതികളെയും നയങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

എന്താണ് ഒൺലിഫാംസ്?
കർഷകർക്ക് അവരുടെ സംസ്ഥാനത്തെ കാർഷിക നയങ്ങൾ വഴിയുള്ള സാമ്പത്തിക ലാഭം കണക്കാക്കാൻ സഹായിക്കുന്ന ഇൻ്ററാക്ടീവ് മാപ്പുകളാണ് വെബ്‌സൈറ്റിലെ പ്രധാന ആകർഷണം. കുടുംബ കൃഷിയിടങ്ങൾക്കുള്ള നികുതി ഇളവുകൾ, വിപണി വിപുലീകരണം, സർക്കാർ നിയന്ത്രണങ്ങൾ ലഘൂകരിക്കൽ തുടങ്ങിയ വിവരങ്ങൾ OnlyFarms.gov എന്ന പോർട്ടലിലൂടെ ലഭ്യമാകും. വൈറ്റ് ഹൗസ് പുരയിടത്തിൽ പ്രദർശിപ്പിച്ച വലിയൊരു സ്വർണ്ണ ട്രാക്ടറിന് മുന്നിൽ നിന്നുമാണ് ട്രംപ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. വൈറ്റ് ഹൗസിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ കർഷക സംഗമത്തിന് സാക്ഷ്യം വഹിച്ച ചടങ്ങിൽ ഏകദേശം 800 കർഷകരെയും റാഞ്ചർമാരെയും ട്രംപ് അഭിസംബോധന ചെയ്തു. “നിങ്ങൾ വളരെ പ്രത്യേകതയുള്ളവരാണ്. മഴയോ വെയിലോ നിങ്ങൾ കാര്യമാക്കാറില്ല. നിങ്ങൾ എനിക്ക് നൽകിയ വോട്ട് ഞാൻ ഒരിക്കലും മറക്കില്ല,” ട്രംപ് പറഞ്ഞു.

മിനസോട്ടയിൽ നിർമ്മിച്ച സ്വർണ്ണനിറത്തിലുള്ള ‘ഫെൻഡ് 1167 വാരിയോ’ എന്ന ട്രാക്ടർ കണ്ട് “ഇത് മനോഹരമായിരിക്കുന്നു, ആരോ എന്നെ മനസ്സിൽ കണ്ടാണ് ഇത് നിർമ്മിച്ചത്” എന്ന് ട്രംപ് തമാശയായി പറഞ്ഞു.

“മുൻ ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളിൽ നിന്നും വിദേശ വ്യാപാര തിരിച്ചടികളിൽ നിന്നും കർഷകരെ രക്ഷിക്കാൻ ട്രംപ് ഭരണകൂടം 40 ബില്യൺ ഡോളറിലധികം നേരിട്ടുള്ള സഹായം നൽകിക്കഴിഞ്ഞു” എന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നു. നികുതി ഇളവുകൾ, പുതിയ വിപണികൾ, നിയന്ത്രണങ്ങളിലെ കുറവ് എന്നിവ ഇതിൽ പ്രധാനമാണ്.

പുതിയ പ്രഖ്യാപനങ്ങൾക്കൊപ്പം കർഷകരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള നടപടികളും ഭരണകൂടം വ്യക്തമാക്കി. കാർഷിക ബിസിനസ്സുകൾക്കുള്ള ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷൻ (SBA) ലോൺ ഗ്യാരണ്ടി 75 ശതമാനത്തിൽ നിന്ന് 90 ശതമാനമായി ഉയർത്തി. പച്ചക്കറി, ധാന്യം, കന്നുകാലി, കോഴി വളർത്തൽ മേഖലയിലുള്ളവർക്ക് ഇത് ഗുണകരമാകും. കൂടാതെ, ഡീസൽ പുകയുമായി ബന്ധപ്പെട്ട ഇ.പി.എ (EPA) മാർഗ്ഗനിർദ്ദേശങ്ങളിൽ വരുത്തിയ മാറ്റവും ട്രംപ് സ്ഥിരീകരിച്ചു. ഇത് കോടിക്കണക്കിന് ഡോളർ ലാഭിക്കാൻ സഹായിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

അമേരിക്കൻ കാർഷിക മേഖല കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലൂടെ കടന്നുപോകുമ്പോഴാണ് ഈ പ്രഖ്യാപനങ്ങൾ വരുന്നത്. ട്രംപിൻ്റെ ആഗോള താരിഫ് നയങ്ങളും ഇറാൻ ഉൾപ്പെട്ട യുദ്ധസാഹചര്യങ്ങളും കാരണം ഇന്ധനത്തിനും വളത്തിനും വില കൂടിയിട്ടുണ്ട്. ഇറാൻ സംഘർഷം എണ്ണ, പ്രകൃതിവാതക വിതരണത്തെ ബാധിച്ചതോടെ വളം ഉൽപ്പാദനത്തിനുള്ള ചെലവ് കൂടുകയും ഡീസൽ വില വർദ്ധിക്കുകയും ചെയ്തു.

ഇത്തരം സമ്മർദ്ദങ്ങൾ കർഷകരുടെ സാമ്പത്തിക പ്രതിസന്ധി വർദ്ധിപ്പിക്കുന്നുവെന്ന് വ്യവസായ ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എങ്കിലും, പരിപാടിയിലുടനീളം തന്റെ ഭരണകൂടം കർഷകർക്കൊപ്പമാണെന്ന് ട്രംപ് ആവർത്തിച്ചു. “ഞങ്ങൾ അമേരിക്കൻ കർഷകരെ സ്നേഹിക്കുന്നു,” എന്ന് പറഞ്ഞ അദ്ദേഹം, നിയന്ത്രണങ്ങൾ നീക്കുന്നതിനെ എതിർക്കുന്ന പരിസ്ഥിതി പ്രവർത്തകരെ ‘തീവ്രവാദികൾ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

പേരിനെച്ചൊല്ലി തർക്കം

മുതിർന്നവർക്കായുള്ള വിനോദ പ്ലാറ്റ്‌ഫോമായ ‘ഒൺലിഫാൻസിനോട്’ (OnlyFans) സാമ്യമുള്ള പേര് സർക്കാർ വെബ്‌സൈറ്റിന് നൽകിയത് വലിയ രീതിയിലുള്ള ചർച്ചകൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചു. ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ഇതിനെ രൂക്ഷമായി വിമർശിച്ചപ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കളും പേരിൻ്റെ തിരഞ്ഞെടുപ്പിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

റിപ്പബ്ലിക്കൻ പ്രതിനിധിയായ തോമസ് മാസി (Thomas Massie) ഇതിനെ രൂക്ഷമായി വിമർശിച്ചു. ടാക്സ് കൊടുക്കുന്ന ജനങ്ങളുടെ പണം ഉപയോഗിച്ച് ഒരു പോൺ സൈറ്റിനെ അനുകരിക്കുന്ന രീതിയിലുള്ള വെബ്സൈറ്റ് നിർമ്മിച്ചത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, ഈ പേര് കർഷകരുടെ ഇടയിൽ തരംഗമാകുമെന്നാണ് ട്രംപ് അനുകൂലികളുടെ വാദം. കാർഷിക മേഖലയിലെ നേട്ടങ്ങൾ എടുത്തുപറയാൻ ട്രംപ് സംഘടിപ്പിച്ച ഈ പരിപാടിയും ‘ഒൺലിഫാംസ്’ എന്ന ഹാഷ്‌ടാഗും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.

Trump’s ‘OnlyFarms’ for farmers; Controversy and ridicule over the name

More Stories from this section

family-dental
witywide