യുകെയിലെ സൈനിക താവളങ്ങൾ ഉപയോഗിച്ച് ഇറാനെ ആക്രമിക്കാൻ കണക്കുകൂട്ടിയ ട്രംപിന് തിരിച്ചടി, അനുമതി നിഷേധിച്ച് സ്റ്റാർമർ

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കത്തിനായി ബ്രിട്ടീഷ് വ്യോമസേനാ (RAF) താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആവശ്യം യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ നിരസിച്ചതായി റിപ്പോർട്ട്.  നിയമപരമായ കാരണങ്ങളാലും അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഭയന്നുമാണ് അമേരിക്കയുടെ യുദ്ധനീക്കത്തിൽ പങ്കുചേരില്ലെന്ന് ബ്രിട്ടൻ നിലപാടെടുത്തത്.

ഇറാനെതിരായ ഇത്തരം മുൻകൂർ ആക്രമണങ്ങളിൽ പങ്കാളികളാകുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാകുമെന്ന് ബ്രിട്ടീഷ് സർക്കാർ അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2001-ലെ യുഎൻ ഉത്തരവ് പ്രകാരം, നിയമവിരുദ്ധമായ ആക്രമണത്തിന് സൗകര്യമൊരുക്കിയാൽ യുകെയും അതിന് ഉത്തരവാദികളാകും.  സൈനിക നീക്കങ്ങൾക്ക് നിയമോപദേശം നൽകുന്ന അറ്റോർണി ജനറൽ ലോർഡ് ഹെർമർ, സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിനപ്പുറം മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ താവളങ്ങൾ വിട്ടുനൽകുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഗ്ലൗസെസ്റ്റർഷയറിലെ RAF ഫെയർഫോർഡ്, ഇന്ത്യൻ സമുദ്രത്തിലെ ബ്രിട്ടീഷ് അധീനതയിലുള്ള ഡീഗോ ഗാർഷ്യ എന്നീ താവളങ്ങൾ ഉപയോഗിക്കാനാണ് അമേരിക്ക അനുമതി തേടിയത്. ഡീഗോ ഗാർഷ്യ ഉപയോഗിക്കാൻ യുഎസിന് പ്രത്യേക അനുമതി വേണ്ടെങ്കിലും, ബ്രിട്ടനിലെ RAF താവളങ്ങൾ ഉപയോഗിക്കാൻ യുകെ സർക്കാരിൻ്റെ അനുമതി അത്യാവശ്യമാണ്. ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്. 

അതിനിടെ, ബ്രിട്ടൻ്റെ ഈ തീരുമാനത്തിൽ പ്രകോപിതനായ ട്രംപ്, ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് കൈമാറാനുള്ള സ്റ്റാർമർ സർക്കാരിൻ്റെ തീരുമാനത്തിനുള്ള പിന്തുണ പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്.

 ഇറാനെ നേരിട്ട് ആക്രമിക്കുന്നതിനുള്ള അടിയന്തര പദ്ധതികൾ അമേരിക്ക തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി മിഡിൽ ഈസ്റ്റിലേക്ക് യുദ്ധവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും അയച്ചു കഴിഞ്ഞു. ശനിയാഴ്ചയോടെ രാജ്യം യുദ്ധത്തിന് സജ്ജമാകുമെന്ന് ട്രംപിനെ പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.

Trump’s plan to attack Iran using military bases in the UK is a setback, Starmer denies permission

More Stories from this section

family-dental
witywide