
വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന വിവാദ ചിത്രം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തു. അമേരിക്കൻ പതാകകൾക്കും ഈഗിൾ പക്ഷികൾക്കും നടുവിൽ രോഗികളെ സുഖപ്പെടുത്തുന്ന ക്രിസ്തുരൂപമായി ട്രംപിനെ ചിത്രീകരിച്ച പോസ്റ്റാണ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ നിന്നും അപ്രത്യക്ഷമായത്. ഇറാൻ യുദ്ധത്തിനെതിരെ സംസാരിച്ച ലിയോ പതിനാലാമൻ മാർപ്പാപ്പയെ ട്രംപ് രൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഞായറാഴ്ച രാത്രി ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.
പോസ്റ്റിലേക്കുള്ള പഴയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ “ഈ ഉള്ളടക്കം ഇപ്പോൾ ലഭ്യമല്ല” എന്ന സന്ദേശമാണ് ദൃശ്യമാകുന്നത്. ദൈവനിന്ദാപരമായ ചിത്രമാണിതെന്ന് ചൂണ്ടിക്കാട്ടി ക്രിസ്തീയ സംഘടനകളിൽ നിന്നും ആഗോളതലത്തിൽ നിന്നും കടുത്ത വിമർശനം ഉയർന്നതോടെയാണ് പോസ്റ്റ് നീക്കം ചെയ്തതെന്നാണ് സൂചന. എന്തുകൊണ്ടാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
അമേരിക്കൻ വംശജനായ ആദ്യത്തെ മാർപ്പാപ്പയായ ലിയോ പതിനാലാമൻ, ഇറാൻ യുദ്ധത്തിനെതിരെ തുടർച്ചയായി ശബ്ദമുയർത്തുന്നത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. മാർപ്പാപ്പയുടെ വിദേശനയം അങ്ങേയറ്റം ദയനീയമാണെന്നും താൻ അദ്ദേഹത്തിന്റെ ആരാധകനല്ലെന്നും ട്രംപ് തുറന്നടിച്ചിരുന്നു. എന്നാൽ താൻ ട്രംപ് ഭരണകൂടത്തെയോ അവരുടെ ഭീഷണികളെയോ ഭയപ്പെടുന്നില്ലെന്ന് മാർപ്പാപ്പ ഇന്ന് ആവർത്തിച്ചു വ്യക്തമാക്കി. ഇറാന്റെ നാഗരികത ഇല്ലാതാക്കുമെന്ന ട്രംപിന്റെ മുൻ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും മാർപ്പാപ്പ കുറ്റപ്പെടുത്തി. മാർപ്പാപ്പയും ട്രംപും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെ ഈ പോസ്റ്റ് നീക്കം ചെയ്തത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.













