ഖമേനിയുടെ ‘പ്രാദേശിക യുദ്ധ’ ഭീഷണിക്ക് ‘നമുക്ക് കാണാം’ എന്ന് ട്രംപിൻ്റെ മറുപടി, അമേരിക്കയുടെ അടുത്ത നീക്കം എന്ത്?

വാഷിംഗ്ടൺ: ഇറാൻ്റെ കാര്യത്തില്‍ ഡോണള്‍ഡ് ട്രംപിൻ്റെ അടുത്ത നീക്കം എന്താണെന്നത് ഇപ്പോഴും അവ്യക്തമാണ്. ഒരു കരാറിലെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും, സൈനിക നടപടിക്കുള്ള സാധ്യതകളും അമേരിക്കന്‍ പ്രസിഡൻ്റ് തള്ളിക്കളയുന്നില്ല. ഇതിനിടെ അമേരിക്ക പ്രകോപിപ്പിച്ചാല്‍ മിഡില്‍ ഈസ്റ്റില്‍ ഒരു ‘പ്രാദേശിക യുദ്ധം’ ഉണ്ടാകുമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നല്‍കിയതിനെ ‘നമുക്ക് കാണാം’ എന്നായിരുന്നു പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മറുപടി. ഒരു കരാറില്‍ പ്രതീക്ഷയുണ്ടെന്നും എന്നാല്‍ ഇറാനെതിരായ സൈനിക നീക്കങ്ങള്‍ ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിയന്‍ മുന്നറിയിപ്പിനെക്കുറിച്ച് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ‘തീര്‍ച്ചയായും അദ്ദേഹം (ഖമേനി) അങ്ങനെ തന്നെ പറയും’ എന്നായിരുന്നു ട്രംപിൻ്റെ മറുപടി. ‘പ്രതീക്ഷയോടെ നമുക്കൊരു കരാറിലെത്താം. കരാര്‍ നടന്നില്ലെങ്കില്‍, അദ്ദേഹം പറഞ്ഞത് ശരിയാണോ എന്ന് നമുക്ക് അപ്പോള്‍ നോക്കാം,’ ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുകയും യുഎസ് സൈനിക വിന്യാസം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപിൻ്റെ ഈ പരാമര്‍ശം.

വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും യുദ്ധക്കപ്പലുകളും നിലവില്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാന് തൊട്ടടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും, ആണവ മോഹങ്ങള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടും ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടെ യുഎസ്-ഇസ്രായേല്‍ ജനറല്‍മാരുടെ ചര്‍ച്ച
മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍, ഇസ്രായേല്‍ ജനറല്‍മാര്‍ വാരാന്ത്യത്തില്‍ പെൻ്റഗണില്‍ കൂടിക്കാഴ്ച നടത്തി. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം, യുഎസ് ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്‌നും ഇസ്രായേല്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീറും വെള്ളിയാഴ്ച പെൻ്റഗണില്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ കൂടിക്കാഴ്ചയുടെ കൃത്യമായ ലക്ഷ്യം വ്യക്തമല്ല.

ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഞായറാഴ്ച ഇയാല്‍ സമീറുമായി കൂടിക്കാഴ്ച നടത്തുകയും വാഷിംഗ്ടണില്‍ ചര്‍ച്ചകള്‍ നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. മേഖലയിലെ സാഹചര്യം അവലോകനം ചെയ്തതായും ഏത് സാഹചര്യത്തെയും നേരിടാനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ സജ്ജീകരണം വിലയിരുത്തിയതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അമേരിക്കന്‍ ആക്രമണത്തിനെതിരെ ഞായറാഴ്ച ഖമേനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെഹ്റാനെ ആക്രമിച്ചാല്‍ അത് മേഖലയിലാകെ യുദ്ധത്തിന് കാരണമാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘അമേരിക്കക്കാര്‍ അറിയണം, അവര്‍ ഒരു യുദ്ധം തുടങ്ങുകയാണെങ്കില്‍ ഇത്തവണ അത് പ്രാദേശിക യുദ്ധമായിരിക്കും,’ ട്രംപിന്റെ വാക്കുകളെ ഇറാന്‍ ജനത ഭയപ്പെടേണ്ടതില്ലെന്ന് ഖമേനി പറഞ്ഞു.
‘ഞങ്ങള്‍ യുദ്ധം തുടങ്ങുന്നവരല്ല, ഒരു രാജ്യത്തെയും ആക്രമിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇറാന്‍ രാഷ്ട്രത്തെ ആക്രമിക്കുന്നവര്‍ക്കോ ഉപദ്രവിക്കുന്നവര്‍ക്കോ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും,’ ഖമേനി പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Trump’s responded to Khamenei’s ‘regional war’ threat.

Also Read

More Stories from this section

family-dental
witywide