പഴയ കേസ് പാളി; ലെറ്റീഷ്യ ജെയിംസിനെ കുടുക്കാൻ വീണ്ടും നീക്കം; പുതിയ ഇൻഷുറൻസ് തട്ടിപ്പ് പരാതിയുമായി ട്രംപ് പക്ഷം

വാഷിംഗ്ടൺ: ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിനെതിരെ പുതിയ ക്രിമിനൽ പരാതികളുമായി ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ രംഗത്ത്. മുൻപ് നൽകിയ സമാനമായ ഒരു കേസ് കോടതി തള്ളിയതിന് പിന്നാലെയാണ് ഹോം ഓണർ ഇൻഷുറൻസ് തട്ടിപ്പ് ആരോപിച്ചുള്ള പുതിയ നീക്കം.

ഫെഡറൽ ഹൗസിംഗ് ഫിനാൻസ് ഏജൻസി (FHFA) ഡയറക്ടർ ബിൽ പുൾട്ടെയാണ് മിയാമിയിലെയും ഷിക്കാഗോയിലെയും ഫെഡറൽ പ്രോസിക്യൂട്ടർമാർക്ക് പരാതി നൽകിയത്. ലെറ്റീഷ്യ ജെയിംസ് തൻ്റെ വീടിന് ഇൻഷുറൻസ് എടുക്കുന്നതിനായി ഫ്ലോറിഡയിലെ ‘യൂണിവേഴ്സൽ പ്രോപ്പർട്ടി ഇൻഷുറൻസ്’, ഇല്ലിനോയിയിലെ ‘ഓൾസ്റ്റേറ്റ്’ എന്നീ കമ്പനികൾക്ക് നൽകിയ അപേക്ഷകളിൽ ബോധപൂർവം തെറ്റായ വിവരങ്ങൾ നൽകി എന്നാണ് ആരോപണം. ഇത് ‘മെയിൽ ഫ്രോഡ്’ (Mail Fraud), ‘വയർ ഫ്രോഡ്’ (Wire Fraud) എന്നീ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരാം.

നേരത്തെ വർജീനിയയിലെ ഒരു വീടുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ബാങ്ക് തട്ടിപ്പ് കുറ്റം ചുമത്തിയിരുന്നു. രണ്ടാമത്തെ വീടായി കാണിച്ച് കുറഞ്ഞ പലിശയിൽ ലോൺ എടുക്കുകയും എന്നാൽ അത് വാടകയ്ക്ക് കൊടുത്ത് ലാഭമുണ്ടാക്കുകയും ചെയ്തു എന്നതായിരുന്നു ആരോപണം. എന്നാൽ, ആ കേസ് അന്വേഷിച്ച പ്രോസിക്യൂട്ടറുടെ നിയമനം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി കേസ് തള്ളി. പിന്നീട് ഗ്രാൻഡ് ജൂറി ഈ കേസിൽ ജെയിംസിനെതിരെ കുറ്റം ചുമത്താൻ തയ്യാറായതുമില്ല. ഈ പരാജയത്തിന് പിന്നാലെയാണ് പുതിയ നീക്കം. പുതിയ പരാതി നൽകിയിരിക്കുന്നത് മയാമിയിലെയും ഷിക്കാഗോയിലെയും ഫെഡറൽ പ്രോസിക്യൂട്ടർമാർക്കാണ്. ഇതിൽ മയാമിയിലെ പ്രോസിക്യൂട്ടർ ജെയ്‌സൺ റെഡിംഗ് ക്വിനോണസ് നിലവിൽ ഒബാമ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തുന്ന വ്യക്തിയാണ്. ഇത് കേസിന് വലിയ രാഷ്ട്രീയ പ്രാധാന്യം നൽകുന്നു.

ട്രംപ് ഭരണകൂടം അധികാരം ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്ന് ലെറ്റീഷ്യ ജെയിംസിൻ്റെ അഭിഭാഷകൻ ആബെ ലോവൽ ആരോപിച്ചു. “പഴയ ആരോപണങ്ങൾക്ക് പുതിയ പേര് നൽകി വീണ്ടും അവതരിപ്പിക്കുകയാണ്. മുൻപത്തെ ശ്രമങ്ങൾ പരാജയപ്പെട്ടതുപോലെ ഇതും പരാജയപ്പെടും,” അദ്ദേഹം പറഞ്ഞു.

ട്രംപിൻ്റെ സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചു കാട്ടി എന്നാരോപിച്ച് ലെറ്റീഷ്യ ജെയിംസ് ട്രംപിനെതിരെ സിവിൽ കേസ് നൽകിയിരുന്നു. ഇതിന് പകരമായി ട്രംപ് അനുകൂലികളായ ഉദ്യോഗസ്ഥർ ജെയിംസിനെ ലക്ഷ്യം വെക്കുകയാണെന്നാണ് വിലയിരുത്തൽ. പരാതി ലഭിച്ച കാര്യം യുഎസ് നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് തനിക്ക് ഭീഷണി ഉണ്ടെന്നും അതിനാൽ പ്രത്യേക സുരക്ഷ വേണമെന്നും പരാതിക്കാരനായ ബിൽ പുൾട്ടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇൻഷുറൻസ് പരാതികൾക്ക് പുറമെ, ജെയിംസും അവരുടെ ഹെയർ ഡ്രെസ്സർ ഐയേസറ്റ മാർഷും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മറ്റൊരു അന്വേഷണം നടക്കുന്നുണ്ട്. ലൂസിയാനയിലെയും ന്യൂയോർക്കിലെയും യുഎസ് അറ്റോർണി ഓഫീസുകളാണ് ഇതിന് നേതൃത്വം നൽകുന്നത്.

Trump’s side files new insurance fraud complaint to trap Letitia James

More Stories from this section

family-dental
witywide