
ലണ്ടൻ/പാരീസ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ നികുതി ഭീഷണികൾക്കെതിരെ യൂറോപ്പിലെ എട്ട് പ്രമുഖ രാജ്യങ്ങൾ രംഗത്തെത്തി. ഡെന്മാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, നോർവേ, സ്വീഡൻ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രീൻലാൻഡിൽ നടന്ന സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുത്ത രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഈ സൈനിക നീക്കം അത്യന്തം അപകടകരമായ സാഹചര്യം ആണെന്നാണ് ട്രംപിന്റെ പക്ഷം.
ആർട്ടിക് മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുക എന്നത് നാറ്റോ അംഗങ്ങളുടെ പൊതുവായ താൽപ്പര്യമാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ വ്യക്തമാക്കി. ഡെന്മാർക്കിന്റെ നേതൃത്വത്തിൽ നടന്ന ‘ആർട്ടിക് എൻഡുറൻസ്’ എന്ന സൈനികാഭ്യാസം ആർക്കും ഭീഷണിയല്ലെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
ഗ്രീൻലാൻഡിലെ ജനങ്ങളോടും ഡെന്മാർക്കിനോടും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങൾ, പരമാധികാരവും പ്രാദേശിക അഖണ്ഡതയും മുൻനിർത്തി ചർച്ചകൾക്ക് തയ്യാറാണെന്നും അറിയിച്ചു.
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളെ ഈ താരിഫുകൾ ദോഷകരമായി ബാധിക്കും. വ്യാപാര യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്ന ആശങ്കയും ഈ രാജ്യങ്ങൾ പങ്കുവെച്ചു.













