ട്രംപിന്‍റെ വിശ്വസ്തൻ വാക്കുപാലിച്ചു, സ്റ്റീഫൻ മിറാൻ വൈറ്റ് ഹൗസ് പദവി ഒഴിഞ്ഞു: ഫെഡറൽ റിസർവിൽ തുടരും, സുപ്രധാന തീരുമാനം

വാഷിംഗ്ടൺ: വൈറ്റ് ഹൗസിന്‍റെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷൻ സ്റ്റീഫൻ മിറാൻ തന്റെ സ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഫെഡറൽ റിസർവ് ബോർഡ് അംഗമായി സേവനമനുഷ്ഠിക്കുന്ന മിറാൻ, ആ പദവിയിൽ തുടരുന്നതിനായാണ് വൈറ്റ് ഹൗസിലെ ജോലി ഉപേക്ഷിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്റ്റീഫൻ മിറാനെ ഫെഡറൽ റിസർവ് ഗവർണറായി നിയമിച്ചത്. അക്കാലയളവിൽ വൈറ്റ് ഹൗസിലെ പദവിയിൽ നിന്ന് അദ്ദേഹം ശമ്പളമില്ലാത്ത അവധിയിലായിരുന്നു.

ഫെഡറൽ റിസർവിലെ തന്റെ കാലാവധി ജനുവരിക്ക് ശേഷവും നീളുകയാണെങ്കിൽ വൈറ്റ് ഹൗസ് പദവി ഔദ്യോഗികമായി ഒഴിയുമെന്ന് അദ്ദേഹം മുൻപ് സെനറ്റിന് ഉറപ്പ് നൽകിയിരുന്നു. ആ വാക്ക് പാലിക്കാനാണ് ഇപ്പോൾ രാജി സമർപ്പിച്ചിരിക്കുന്നത്. ഫെഡറൽ റിസർവ് പോലെയുള്ള നിഷ്പക്ഷ സ്ഥാപനത്തിൽ പ്രവർത്തിക്കുമ്പോൾ തന്നെ വൈറ്റ് ഹൗസ് പദവി കൂടി വഹിക്കുന്നത് ബാങ്കിന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഡെമോക്രാറ്റിക് സെനറ്റർമാർ വിമർശിച്ചിരുന്നു.

ഫെഡറൽ റിസർവിന്റെ അടുത്ത ചെയർമാനായി കെവിൻ വാർഷിനെ നിയമിക്കുമെന്ന് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. നിലവിലെ ചെയർമാൻ ജെറോം പവലിന്റെ കാലാവധി മെയ് മാസത്തിൽ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. മിറാന്റെ ഫെഡറൽ റിസർവ് ഗവർണർ കാലാവധി ജനുവരി 31-ന് അവസാനിച്ചെങ്കിലും, പകരക്കാരനെ സെനറ്റ് സ്ഥിരീകരിക്കുന്നത് വരെ അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാനാകും.
ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് സ്റ്റീഫൻ മിറാൻ. വൈറ്റ് ഹൗസിൽ നിന്നും മാറിയതോടെ അദ്ദേഹം ഇനി പൂർണ്ണമായും സെൻട്രൽ ബാങ്കിന്റെ നയരൂപീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

More Stories from this section

family-dental
witywide