
അങ്കാറ: ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം യുദ്ധത്തിന്‍റെ വക്കിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ, ഇരുരാജ്യങ്ങളെയും ചർച്ചകളിലേക്ക് തിരികെ കൊണ്ടുവരാൻ തുർക്കി തീവ്രശ്രമം നടത്തുന്നു. ബുധനാഴ്ച തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ സംസാരിക്കുകയും നയതന്ത്ര ചർച്ചകളുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഇരുമന്ത്രിമാരും സംസാരിക്കുന്നത്.
അതേസമയം, തുർക്കി അമേരിക്കൻ അധികൃതരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. പശ്ചിമേഷ്യയിൽ ഒരു പ്രാദേശിക യുദ്ധം ഒഴിവാക്കാൻ ചർച്ചകൾ എത്രയും വേഗം ആരംഭിക്കണമെന്നാണ് തുർക്കിയുടെ നിലപാട്. എന്നാൽ, ഈ ചർച്ചകൾ നിലവിൽ വളരെ സാവധാനത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ഏതു നിമിഷവും കാര്യങ്ങൾ കൈവിട്ടുപോകാമെന്നും ഉന്നത നയതന്ത്ര വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. പ്രക്ഷോഭകാരികളെ കൊല്ലുന്നത് നിർത്താതെ ഇറാനുമായി ചർച്ചയില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിക്കുമ്പോഴും, അമേരിക്കയുടെ ഭാഗത്തുനിന്ന് സൈനിക നീക്കം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ഇറാൻ. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 25% അധിക നികുതി വരും ദിവസങ്ങളിൽ പ്രാബല്യത്തിൽ വരുന്നത് ചർച്ചകളുടെ സാധ്യതയെ ബാധിച്ചേക്കാം. പശ്ചിമേഷ്യയിലെ സമാധാനം നിലനിർത്തുന്നതിൽ തുർക്കിയുടെ ഈ മധ്യസ്ഥശ്രമങ്ങൾ നിർണ്ണായകമാണ്. എന്നാൽ അമേരിക്കയുടെയും ഇറാന്റെയും കടുത്ത നിലപാടുകൾ ഇതിന് എത്രത്തോളം തിരിച്ചടിയാകുമെന്ന് കണ്ടറിയണം.















