
വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾക്കെതിരെ അമേരിക്കൻ ജനതയ്ക്കിടയിൽ പ്രതിഷേധം ശക്തമാകുന്നതായി പുതിയ സർവേ ഫലങ്ങൾ. സിബിഎസ് ന്യൂസും യൂ ഗവും ചേർന്ന് നടത്തിയ ഏറ്റവും പുതിയ പോൾ അനുസരിച്ച്, ഭൂരിഭാഗം അമേരിക്കക്കാരും ഈ യുദ്ധത്തെ അനാവശ്യമായ ഒന്നായാണ് കാണുന്നത്. മാർച്ചിൽ നടത്തിയ മുൻ സർവേയേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ യുദ്ധവിരുദ്ധ നിലപാടിലേക്ക് മാറിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. സർവേയിൽ പങ്കെടുത്ത 60 ശതമാനം ആളുകളും ഇറാനെതിരെയുള്ള സൈനിക നടപടിയെ എതിർത്തു.
മാർച്ചിലെ ആദ്യ വാരത്തിൽ ഇത് 56 ശതമാനമായിരുന്നു. യുദ്ധത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ട്രംപ് ഭരണകൂടത്തിന് സാധിച്ചിട്ടില്ലെന്ന് 68 ശതമാനം പേരും അഭിപ്രായപ്പെട്ടു. നിലവിൽ യുദ്ധം അമേരിക്കയ്ക്ക് അനുകൂലമായല്ല മുന്നോട്ട് പോകുന്നതെന്ന് 57 ശതമാനം പേർ വിശ്വസിക്കുമ്പോൾ, 43 ശതമാനം പേർ മാത്രമാണ് ഇതിനെ അനുകൂലിച്ചത്. യുദ്ധം അത്യാവശ്യമാണെന്ന് 34 ശതമാനം പേർ മാത്രം കരുതുമ്പോൾ, 66 ശതമാനം പേരും ഇതൊരു അനാവശ്യമായ തിരഞ്ഞെടുപ്പാണെന്ന നിലപാടിലാണ്. രാഷ്ട്രീയ പാർട്ടികൾക്കിടയിലും ഈ വിഷയത്തിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടമാണ്. ഡെമോക്രാറ്റുകളിൽ 92 ശതമാനവും സ്വതന്ത്രരിൽ 73 ശതമാനവും യുദ്ധത്തെ എതിർക്കുമ്പോൾ, റിപ്പബ്ലിക്കൻ പാർട്ടി അനുയായികളിൽ 67 ശതമാനം പേർ യുദ്ധം അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നു.
എന്നാൽ റിപ്പബ്ലിക്കൻ ഗ്രൂപ്പിനുള്ളിലും 33 ശതമാനം പേർ യുദ്ധം വേണ്ടെന്ന പക്ഷക്കാരാണ്. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് 92 ശതമാനം അമേരിക്കക്കാരും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. ഇറാന്റെ ആണവ പദ്ധതികൾ തടയുന്നതും മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതും പ്രധാനമാണെന്ന് ഭൂരിഭാഗം പേരും കരുതുമ്പോഴും, ഇറാന്റെ ഭരണമാറ്റത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളത്. മാർച്ച് 17 മുതൽ 20 വരെ 3,335 മുതിർന്ന വ്യക്തികൾക്കിടയിൽ നടത്തിയ ഈ സർവേ നിലവിലെ ഭരണകൂടത്തിന് മേൽ വലിയ ജനകീയ സമ്മർദ്ദമാണ് ചെലുത്തുന്നത്.















