
ന്യൂഡൽഹി: ഇന്ത്യയിലെ 27-ാമത് അമേരിക്കൻ അംബാസഡറായി സെർജിയോ ഗോർ ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ അദ്ദേഹം രാഷ്ട്രപതി ദ്രൗപദി മുർമുവിന് തന്‍റെ സ്ഥാനാരോഹണ രേഖകൾ സമർപ്പിച്ചു. വൈറ്റ് ഹൗസിലെ പ്രസിഡൻഷ്യൽ പേഴ്സണൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ചുമതലയേറ്റ ശേഷം നടത്തിയ പ്രസംഗത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, നിർണ്ണായക ധാതുക്കൾ എന്നീ മേഖലകളിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യവും ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള ഈ പങ്കാളിത്തം ചരിത്രപരമായ ഒന്നാണ്” അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്‍റ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം അതിശക്തമാണെന്നും യഥാർത്ഥ സുഹൃത്തുക്കൾക്കിടയിൽ വിയോജിപ്പുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനായി നിർണ്ണായകമായ ചർച്ചകൾ നടന്നു വരികയാണെന്നും ഇന്ത്യയെ അമേരിക്ക ഒരു ‘അവിഭാജ്യ പങ്കാളിയായാണ്’ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പ്രസിഡന്‍റ് ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഗോർ സൂചിപ്പിച്ചു. ആഗോള തലത്തിൽ സുരക്ഷിതമായ സെമികണ്ടക്ടർ നിർമ്മാണ ശൃംഖല ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ ‘പാക്സ് സിലിക്ക’ പദ്ധതിയിലേക്ക് ഇന്ത്യയെ അടുത്ത മാസം ക്ഷണിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 38-കാരനായ സെർജിയോ ഗോറിന്റെ നിയമനം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.















