
ദുബായ്: ഇറാൻ്റെ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് തീരുമാനിച്ചു. മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്കിടയിലും അമേരിക്കൻ സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് അന്താരാഷ്ട്ര സഹകരണ മന്ത്രി റീം അൽ ഹാഷിമി വ്യക്തമാക്കി. ഓസ്‌ട്രേലിയൻ മാധ്യമമായ എബിസിക്ക് നൽകിയ അഭിമുഖത്തിലാണ് യുഎഇയുടെ ഉറച്ച നിലപാട് അവർ വ്യക്തമാക്കിയത്.
അമേരിക്കയുമായുള്ള ബന്ധം പതിറ്റാണ്ടുകളായുള്ള വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ പതറുന്ന ഒന്നല്ല ഈ പങ്കാളിത്തമെന്നും മന്ത്രി പറഞ്ഞു. ഇറാന്റെ നീക്കങ്ങളെ ‘അനിയന്ത്രിതം’ എന്ന് വിശേഷിപ്പിച്ച അവർ, ഇത്തരം ഭീഷണികൾക്ക് വഴങ്ങിക്കൊടുക്കില്ലെന്നും കൂട്ടിച്ചേർത്തു. അബുദാബിയിലെ അൽ ദാഫ്ര എയർബേസ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾ അമേരിക്കയുമായോ ഇസ്രായേലുമായോ ഉള്ള നിലവിലെ കരാറുകളിൽ മാറ്റം വരുത്തില്ല. മറിച്ച്, സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം ഇരട്ടി ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബാലസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ ഏകദേശം 2,000 പ്രൊജക്റ്റൈലുകളാണ് ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടത്. ഈ ആക്രമണങ്ങളിൽ അഞ്ച് സാധാരണക്കാരുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ടത് യുഎഇ ആണെങ്കിലും, അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ ഭൂരിഭാഗം മിസൈലുകളെയും തടയാൻ രാജ്യത്തിന് സാധിച്ചു.
അടുത്ത ദശകത്തിൽ അമേരിക്കയിൽ 1.4 ട്രില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2020-ലെ എബ്രഹാം ഉടമ്പടിയിലൂടെ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയതും ഗാസയിലെ സമാധാന പ്രവർത്തനങ്ങൾക്കായി 1.2 ബില്യൺ ഡോളർ നീക്കിവെച്ചതും യുഎഇയുടെ സമാധാനപരമായ നിലപാടുകളുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭീഷണികൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെയും കരുത്തോടെയും നിലകൊള്ളുമെന്ന സന്ദേശമാണ് ഈ ഔദ്യോഗിക പ്രതികരണത്തിലൂടെ യുഎഇ ലോകത്തിന് നൽകുന്നത്.
















