അധികാമേൽക്കുന്നതിന് വെറും 4 ദിവസം മുമ്പ്! ട്രംപിന്‍റെ ക്രിപ്‌റ്റോ കമ്പനിയിൽ യുഎഇയുടെ വൻ നിക്ഷേപം; യുഎസിൽ വൻ വിവാദം

വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് രണ്ടാമതും അമേരിക്കൻ പ്രസിഡന്‍റായി അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ്, അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ക്രിപ്‌റ്റോ കറൻസി കമ്പനിയുടെ പകുതിയോളം ഓഹരികൾ യുഎഇയുമായി ബന്ധപ്പെട്ട ഒരു നിക്ഷേപ സ്ഥാപനം സ്വന്തമാക്കിയതായി റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണൽ ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ട്രംപിന്റെ മക്കളും വിശ്വസ്തരും ചേർന്ന് തുടങ്ങിയ ‘വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ’ എന്ന ക്രിപ്‌റ്റോ കമ്പനിയുടെ ഓഹരികളാണ് വാങ്ങിയത്.

ഏകദേശം 500 മില്യൺ ഡോളർ (ഏകദേശം 4,100 കോടി രൂപ) മൂല്യമുള്ള 49 ശതമാനം ഓഹരികളാണ് യുഎഇ വാങ്ങിയത്. ഇതിൽ 187 മില്യൺ ഡോളർ നേരിട്ട് ട്രംപ് കുടുംബത്തിന്റെ അക്കൗണ്ടുകളിലേക്കും, 31 മില്യൺ ഡോളർ ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിന്റെ കുടുംബത്തിലേക്കും പോയതായി രേഖകൾ സൂചിപ്പിക്കുന്നു. യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാന്റെ അടുത്ത അനുയായികളാണ് ഈ നിക്ഷേപം നടത്തിയത്.

വിദേശ രാജ്യങ്ങളുമായി പ്രസിഡന്റ് നേരിട്ട് ബിസിനസ് നടത്തുന്നത് അമേരിക്കൻ ഭരണഘടനയിലെ ‘എമോല്യൂമെന്റ്സ് ക്ലോസ്’ പ്രകാരം താല്പര്യ സംഘർഷത്തിന് കാരണമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ ബിസിനസ് പങ്കാളിത്തത്തിന് പിന്നാലെ, സുരക്ഷാ കാരണങ്ങളാൽ നേരത്തെ തടഞ്ഞുവെച്ചിരുന്ന അതിനൂതനമായ എഐ ചിപ്പുകൾ യുഎഇക്ക് നൽകാൻ ട്രംപ് ഭരണകൂടം അനുമതി നൽകിയത് സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
അധികാമേൽക്കുന്നതിന് വെറും നാല് ദിവസം മുമ്പ് അതീവ രഹസ്യമായാണ് ട്രംപിന്റെ മകൻ എറിക് ട്രംപ് ഈ കരാറിൽ ഒപ്പിട്ടത്. ട്രംപിന്റെ ബിസിനസ് കാര്യങ്ങൾ മക്കളാണ് നോക്കുന്നതെന്നും അദ്ദേഹം ഭരണപരമായ കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. ഇതിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നാണ് അവരുടെ വാദം.

More Stories from this section

family-dental
witywide