ഇറാന്റെ ആക്രമണത്തിന് യുഎഇക്ക് നഷ്ടപരിഹാരം വേണം; നിർണായക നിലപാട് എടുത്ത് രാജ്യം, ഔദ്യോഗികമായി ആവശ്യപ്പെട്ടു

അബുദാബി: മുപ്പതാം ദിവസത്തിലേക്ക് കടന്ന ഇറാൻ-യുഎസ് യുദ്ധത്തിൽ തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് ടെഹ്‌റാൻ നഷ്ടപരിഹാരം നൽകണമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ഔദ്യോഗികമായി ആവശ്യപ്പെട്ടു. യുദ്ധക്കെടുതികൾക്ക് അമേരിക്കയും ഇസ്രായേലും നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുഎഇയുടെ ഈ നിർണ്ണായക നീക്കം. ഗൾഫ് അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഏത് രാഷ്ട്രീയ പരിഹാരത്തിലും ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പും ആക്രമണരഹിത തത്വങ്ങളും ഉൾപ്പെടുത്തണമെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് ഞായറാഴ്ച എക്സിലൂടെ വ്യക്തമാക്കി.

സിവിൽ ജനവിഭാഗങ്ങളെയും സുപ്രധാന സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഇറാൻ തങ്ങളുടെ അയൽരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങളാണ് അവർ നടത്തിയതെന്നും ഗർഗാഷ് ആരോപിച്ചു. ഗൾഫ് അറബ് രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഇറാൻ ഇന്ന് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏത് ചർച്ചകളിലും ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ ഉത്തരവാദിത്തം കൃത്യമായി രേഖപ്പെടുത്തണമെന്നാണ് യുഎഇയുടെ നിലപാട്.

More Stories from this section

family-dental
witywide