യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സുപ്രധാന പ്രതികരണം, യുദ്ധത്തിലേക്കില്ല, പക്ഷേ പരമാധികാരം സംരക്ഷിക്കും; ഇറാന്‍റെ നീക്കങ്ങൾക്ക് മറുപടി

അബുദാബി: ഇറാനുമായുള്ള സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കുമ്പോഴും, രാജ്യത്തിന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഇറാന്റെ പ്രകോപനമില്ലാത്ത ആക്രമണങ്ങളെത്തുടർന്ന് രാജ്യം ‘പ്രതിരോധ അവസ്ഥയിലാണെന്ന്’ യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആയിരത്തി നാനൂറിലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎഇയിലെ സിവിൽ അടിസ്ഥാന സൗകര്യങ്ങളെയും ജനവാസ മേഖലകളെയും ഇറാൻ ലക്ഷ്യം വെച്ചതായി മന്ത്രാലയ വക്താവ് അഫ്ര അൽ ഹമേലി എക്സിൽ കുറിച്ചു. അന്താരാഷ്ട്ര നിയമങ്ങളും യുഎൻ ചാർട്ടറും അനുസരിച്ച് രാജ്യത്തെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവർ ആവർത്തിച്ചു.

ഇറാനിലെ ശുദ്ധജല പ്ലാന്റിന് നേരെ യുഎഇ ആക്രമണം നടത്തിയെന്ന ഇസ്രായേൽ മാധ്യമമായ ജെറുസലേം പോസ്റ്റിന്റെ റിപ്പോർട്ട് യുഎഇ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. ഇത് വെറും വ്യാജവാർത്തയാണെന്നും യുഎഇ ഇത്തരമൊരു നീക്കം നടത്തിയിട്ടില്ലെന്നും പ്രതിരോധ-വിദേശകാര്യ സമിതി അധ്യക്ഷൻ അലി അൽ നുഐമി വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തെയും അവിടുത്തെ സാധാരണ ജനങ്ങളെയും യുഎഇ ഒരേ രീതിയിലല്ല കാണുന്നത്. ഇറാൻ ജനത അവിടുത്തെ ഭരണകൂടത്തിന്റെ ഇരകളാണെന്നും അവരുടെ ക്ഷേമത്തിൽ അയൽരാജ്യം എന്ന നിലയിൽ യുഎഇയ്ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയുടെ ഏതൊരു സൈനിക നീക്കവും സുതാര്യവും പരസ്യവുമായിരിക്കുമെന്നും മാധ്യമ ചോർച്ചകളെയോ അജ്ഞാത ഉറവിടങ്ങളെയോ തങ്ങൾ ആശ്രയിക്കില്ലെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി. സമാനമായ രീതിയിൽ ഖത്തർ ഇറാനെതിരെ ആക്രമണം നടത്തിയെന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും ദോഹ അത് നിഷേധിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളുടെ കുടിവെള്ള സ്രോതസ്സായ ശുദ്ധജല പ്ലാന്റുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ മേഖലയിൽ വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ശത്രുത വർദ്ധിപ്പിക്കാനല്ല, മറിച്ച് തങ്ങളുടെ അതിർത്തികൾ സുരക്ഷിതമാക്കാനാണ് യുഎഇ ഇപ്പോൾ മുൻഗണന നൽകുന്നത്.

More Stories from this section

family-dental
witywide