ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്ക് കരുത്തേകാൻ ബ്രിട്ടൻ; അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചു, കുവൈത്തിലും ബഹ്‌റൈനിലും മിസൈൽ പ്രതിരോധം

ലണ്ടൻ: ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികൾ നേരിടുന്ന ഗൾഫ് രാജ്യങ്ങൾക്ക് ശക്തമായ പിന്തുണയുമായി യുകെ. മേഖലയിലെ സഖ്യകക്ഷികളുടെ ‘കൂട്ടുത്തരവാദിത്ത പ്രതിരോധം’ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണാത്മക നീക്കങ്ങളിൽ നിന്ന് ഗൾഫ് പങ്കാളികളെ സംരക്ഷിക്കുന്നതിനാണ് ഈ അടിയന്തര നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി.

മേഖലയിൽ സന്ദർശനം നടത്തുന്ന ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. സൗദി അറേബ്യയിൽ ‘സ്കൈ സേബർ’ വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കാനും ഖത്തറിൽ നിലവിലുള്ള യുകെ ടൈഫൂൺ ജെറ്റുകളുടെ വിന്യാസം നീട്ടാനും അദ്ദേഹം തീരുമാനിച്ചു. കൂടാതെ, ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനം ബഹ്‌റൈനിലും, ഭൂതല വ്യോമപ്രതിരോധ മിസൈൽ സംവിധാനം കുവൈത്തിലും ഇതിനോടകം എത്തിക്കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

“ബ്രിട്ടന്റെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങൾ നിങ്ങളുടെ ആകാശം സംരക്ഷിക്കാൻ സഹായിക്കും എന്നതാണ് ഗൾഫ് പങ്കാളികൾക്കുള്ള എന്റെ സന്ദേശം,” ജോൺ ഹീലി പറഞ്ഞു. മിഡിൽ ഈസ്റ്റിലെ ദീർഘകാല പങ്കാളികൾക്കൊപ്പം ബ്രിട്ടൻ ഉറച്ചുനിൽക്കുമെന്നും നിലവിലെ സംഘർഷത്തിന് വേഗത്തിലുള്ള പരിഹാരം കാണുന്നതിന് സമ്മർദ്ദം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പടിഞ്ഞാറൻ സഖ്യകക്ഷികൾ ഗൾഫ് മേഖലയിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നത് സുരക്ഷാ നിരീക്ഷകർ അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ഈ നീക്കം മേഖലയിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം നയതന്ത്ര തലത്തിൽ ബ്രിട്ടന്റെ സ്വാധീനം ഉറപ്പിക്കുകയും ചെയ്യുന്നു.

More Stories from this section

family-dental
witywide