എപ്‌സ്റ്റീൻ കൊടുങ്കാറ്റിൽ സ്റ്റാർമർ പറക്കുമോ? ബ്രിട്ടീഷ് ഭരണകൂടം കടുത്ത പ്രതിസന്ധിയിൽ, പ്രധാനമന്ത്രി പദത്തിലേക്ക് കശ്മീർ സ്വദേശി ഷബാന മഹ്‌മൂദിന് സാധ്യത

എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് ഉയർത്തുന്നതിനിടെ, പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ഭാവി തുലാസിലായി. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പീറ്റർ മാൻഡൽസനെ യുഎസ് അംബാസഡറായി നിയമിച്ചതാണ് സ്റ്റാർമറെ പ്രതിരോധത്തിലാക്കിയത്. ഭരണകക്ഷിയായ ലേബർ പാർട്ടിക്കുള്ളിൽ നിന്നുതന്നെ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് നിരവധി എംപിമാർ രംഗത്തെത്തിയതോടെ ബ്രിട്ടനിൽ ഭരണമാറ്റത്തിനുള്ള സാധ്യതകൾ ഏറിയിരിക്കുകയാണ്. സ്റ്റാർമറുടെ ചീഫ് ഓഫ് സ്റ്റാഫും കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും ഇതിനകം തന്നെ രാജി വെച്ചൊഴിഞ്ഞു.

ഈ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി നിലവിലെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് എത്തിയേക്കുമെന്നാണ് ശക്തമായ സൂചനകൾ. ഈ പദവിയിലെത്തുകയാണെങ്കിൽ ബ്രിട്ടനിലെ ആദ്യത്തെ മുസ്ലിം വനിതാ പ്രധാനമന്ത്രിയാകും ഷബാന. പാക് അധിനിവേശ കശ്മീരിൽ നിന്നുള്ള മാതാപിതാക്കളുടെ മകളായി ബർമിങ്ഹാമിൽ ജനിച്ച ഷബാന, ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ പ്രഗത്ഭയായ ബാരിസ്റ്റർ കൂടിയാണ്. സ്റ്റാർമറുടെ വിശ്വസ്തയായി അറിയപ്പെടുമ്പോഴും നിലവിലെ പ്രതിസന്ധി മറികടക്കാൻ പാർട്ടി ഷബാനയെ മുൻനിർത്തിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

2010 മുതൽ ബർമിങ്ഹാം ലേഡിവുഡിൽ നിന്നുള്ള പാർലമെന്റ് അംഗമായ ഷബാന മഹ്‌മൂദ്, ലേബർ പാർട്ടിയുടെ ഷാഡോ ക്യാബിനറ്റുകളിൽ നിർണ്ണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. ജെറമി കോർബിന്റെ രാഷ്ട്രീയ നയങ്ങളോട് വിയോജിച്ച് നേതൃസ്ഥാനം ഉപേക്ഷിച്ച അവർ, പിന്നീട് കെയർ സ്റ്റാർമർ പക്ഷത്ത് സജീവമായി. 2024-ൽ ലേബർ പാർട്ടി അധികാരത്തിൽ വന്നപ്പോൾ നീതിന്യായ വകുപ്പ് സെക്രട്ടറിയും ലോർഡ് ചാൻസലറുമായി നിയമിതയായ ഷബാന, പിന്നീട് ഏയ്ഞ്ചല റെയ്‌നറുടെ രാജിക്ക് ശേഷമാണ് ആഭ്യന്തര സെക്രട്ടറിയുടെ സുപ്രധാന ചുമതലയിലേക്ക് എത്തിയത്.

അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കുന്നതിലും അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിലും ഷബാന കാണിച്ച മികവ് ലേബർ പാർട്ടിക്കുള്ളിലെ വലതുപക്ഷ വിഭാഗത്തിന്റെ വലിയ പിന്തുണ അവർക്ക് നേടിക്കൊടുത്തു. പോലീസ്, കുടിയേറ്റം, ദേശീയ സുരക്ഷ എന്നീ നിർണ്ണായക വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ആദ്യ മുസ്ലിം വനിത എന്ന നിലയിൽ ഷബാന ഇതിനോടകം തന്നെ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. സ്റ്റാർമർ പടിയിറങ്ങേണ്ടി വന്നാൽ ലേബർ പാർട്ടിയെ നയിക്കാൻ ഏറ്റവും അനുയോജ്യമായ മുഖമായി ഷബാന മഹ്‌മൂദ് മാറാനാണ് സാധ്യത.

UK Political Crisis: Kashmir-Origin Shabana Mahmood Emerges as Frontrunner for PM Post

More Stories from this section

family-dental
witywide