“യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് കൂടെക്കൂടാൻ ആരെയും വേണ്ട”; ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ട്രംപ്

വാഷിംഗ്ടൺ/ലണ്ടൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ രൂക്ഷമായി പരിഹസിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. “യുദ്ധങ്ങൾ ജയിച്ചുകഴിഞ്ഞതിന് ശേഷം അതിൽ ചേരുന്നവരെ ഞങ്ങൾക്ക് ആവശ്യമില്ല” എന്ന് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

മിഡിൽ ഈസ്റ്റിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയക്കാൻ ബ്രിട്ടൻ ആലോചിക്കുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “നമ്മുടെ പഴയകാലത്തെ വലിയ സഖ്യകക്ഷിയായ യുണൈറ്റഡ് കിംഗ്ഡം ഒടുവിൽ കപ്പലുകൾ അയക്കാൻ തീരുമാനിച്ചിരിക്കുന്നു. അത് സാരമില്ല പ്രധാനമന്ത്രി സ്റ്റാർമർ, ഞങ്ങൾക്ക് ഇനി അതിൻ്റെ ആവശ്യമില്ല. പക്ഷേ ഞങ്ങൾ ഇത് ഓർക്കും,” ട്രംപ് കുറിച്ചു.

നേരത്തെ ഇറാനുനേരെ ആക്രമണം നടത്താൻ ബ്രിട്ടനിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്ക അനുമതി ചോദിച്ചിരുന്നെങ്കിലും സ്റ്റാർമർ അത് നിരാകരിച്ചിരുന്നു. മേഖലയിൽ സമാധാനം നിലനിർത്താനാണ് മുൻഗണന നൽകേണ്ടതെന്നായിരുന്നു സ്റ്റാർമറുടെ നിലപാട്. ഇതിനെതിരെ സ്റ്റാർമർ “വിൻസ്റ്റൺ ചർച്ചിലല്ല” എന്ന് ട്രംപ് നേരത്തെ പരിഹസിച്ചിരുന്നു. എന്നാൽ പിന്നീട് നിലപാടിൽ മാറ്റം വരുത്തിയ ബ്രിട്ടൻ, ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെയുള്ള ‘പ്രതിരോധ’ ആക്രമണങ്ങൾക്കായി താവളങ്ങൾ വിട്ടുനൽകാൻ സമ്മതിച്ചു. എങ്കിലും നേരിട്ടുള്ള ആക്രമണങ്ങളിൽ പങ്കുചേരില്ലെന്ന് സ്റ്റാർമർ വ്യക്തമാക്കിയിട്ടുണ്ട്.

വാക്പോര് മുറുകുന്നതിനിടെ, സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് സംരക്ഷണം നൽകാനായി അത്യാധുനിക യുദ്ധക്കപ്പലായ ‘എച്ച്.എം.എസ് ഡ്രാഗൺ’ സജ്ജമാക്കാൻ ലണ്ടൻ ഉത്തരവിട്ടു. ശനിയാഴ്ച അമേരിക്കയുടെ ബി-1 ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെ വ്യോമതാവളത്തിൽ എത്തിയതും മേഖലയിലെ യുദ്ധസമാനമായ സാഹചര്യം വ്യക്തമാക്കുന്നു. സഖ്യകക്ഷികൾ തമ്മിലുള്ള ഈ അസ്വാരസ്യം വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.

“We don’t need anyone to join us after we’ve won the war”: Trump slams British PM

More Stories from this section

family-dental
witywide