അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ആശങ്കയുമായി ബ്രിട്ടൻ; 15 ശതമാനം നികുതി പ്രഖ്യാപനത്തിൽ കടുത്ത അതൃപ്തി, ഒന്നിനും വ്യക്തതയില്ല

ലണ്ടൻ/വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിന്‍റെ ഇറക്കുമതി നികുതികൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ, ഡോണൾഡ് ട്രംപ് പുതിയ 15 ശതമാനം ആഗോള നികുതി പ്രഖ്യാപിച്ചത് ബ്രിട്ടനെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ വർഷം അമേരിക്കയുമായി ഒപ്പിട്ട പ്രത്യേക വ്യാപാര കരാർ ലംഘിക്കപ്പെടുമോ എന്ന ഭയത്തിലാണ് ബ്രിട്ടീഷ് സർക്കാർ. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഉണ്ടാക്കിയ കരാർ പ്രകാരം ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം നികുതിയായിരുന്നു നിശ്ചയിച്ചിരുന്നത്. കാറുകൾ, വിമാന ഭാഗങ്ങൾ, മാംസം എന്നിവയ്ക്ക് പ്രത്യേക ഇളവുകളും ലഭിച്ചിരുന്നു.

ഈ കരാർ ലംഘിക്കപ്പെടരുത് എന്ന് ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി പീറ്റർ കൈൽ തന്‍റെ അമേരിക്കൻ കൗണ്ടർപാർട്ട് ജെയിംസൺ ഗ്രീറിനോട് ആവശ്യപ്പെട്ടു. ട്രംപ് ഇപ്പോൾ പ്രഖ്യാപിച്ച 15 ശതമാനം നികുതി ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്കും ബാധകമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത് ബിസിനസ് മേഖലയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി ബ്രിട്ടൻ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യം ഒരു വ്യാപാര യുദ്ധത്തിലേക്ക് നീങ്ങാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിലും, രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ബ്രിട്ടീഷ് സർക്കാർ വക്താവ് അറിയിച്ചു. “ഒന്നും തള്ളിക്കളയാനാവില്ല” എന്നാണ് ഡൗണിംഗ് സ്ട്രീറ്റ് നൽകുന്ന മുന്നറിയിപ്പ്.

അമേരിക്കൻ സുപ്രീം കോടതി ട്രംപിന്റെ മുൻപത്തെ നികുതി നയം റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ്. എന്നാൽ കോടതി വിധിയെ മറികടക്കാൻ മറ്റൊരു നിയമം ഉപയോഗിച്ചാണ് ട്രംപ് ഇപ്പോൾ 15 ശതമാനം നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനെ കൂടാതെ യൂറോപ്യൻ യൂണിയനും ജപ്പാനും ട്രംപിന്റെ ഈ പുതിയ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വാഷിംഗ്ടണിൽ നടക്കുന്ന ചർച്ചകൾ ആഗോള വ്യാപാരത്തിന്‍റെ ഭാവി നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും.

More Stories from this section

family-dental
witywide