
ലണ്ടൻ: ഇറാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി വിമർശനം ഉന്നയിച്ചിട്ടും, ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള സുപ്രധാന നയതന്ത്ര ബന്ധത്തിൽ വിള്ളലുകളില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ‘പ്രത്യേക ബന്ധം’ ഇപ്പോഴും ശക്തമായി തുടരുകയാണെന്ന് സ്റ്റാർമർ വ്യക്തമാക്കിയത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇരുരാജ്യങ്ങളും 24 മണിക്കൂറും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും സൈനികതലത്തിൽ സഹകരണം തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരായ ആക്രമണങ്ങൾക്ക് ചാഗോസ് ദ്വീപിലെ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് ട്രംപ് സ്റ്റാർമറെ രൂക്ഷമായി വിമർശിച്ചത്. “നാം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് വിൻസ്റ്റൺ ചർച്ചിലിനെയല്ല” എന്നായിരുന്നു ട്രംപിന്റെ പരിഹാസം. എന്നാൽ, രാജ്യതാൽപ്പര്യം മുൻനിർത്തി തീരുമാനങ്ങളെടുക്കാൻ ഓരോ ഭരണാധികാരിക്കും അവകാശമുണ്ടെന്നും അതിൽ വിവാദങ്ങൾക്കില്ലെന്നും സ്റ്റാർമർ മറുപടി നൽകി. അമേരിക്കൻ പ്രസിഡന്റ് തന്റെ രാജ്യത്തിന് ഗുണകരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ, ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന നിലയിൽ താൻ ബ്രിട്ടന്റെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാാവളത്തിന് നേരെ തിങ്കളാഴ്ച ഡ്രോൺ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ ബ്രിട്ടന്റെ യുദ്ധസജ്ജീകരണങ്ങളെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്കും പ്രധാനമന്ത്രി മറുപടി നൽകി. ജനുവരി മുതൽ സൈപ്രസിൽ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ കരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഖത്തറിലേക്ക് നാല് ടൈഫൂൺ യുദ്ധവിമാനങ്ങൾ കൂടി അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, പശ്ചിമേഷ്യയിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനായി പ്രത്യേക വിമാനം ചാർട്ടർ ചെയ്തിട്ടുണ്ടെന്നും സ്റ്റാർമർ അറിയിച്ചു.














