യുക്രൈനിൽ യുദ്ധം നാലാം വർഷത്തിലേക്ക്, ജനസംഖ്യാ തകർച്ചയിൽ രാജ്യം, യുദ്ധം തകർത്ത സ്വപ്നങ്ങളും കുറയുന്ന ജനനനിരക്കും

കീവ്: യുക്രൈനിൽ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, രാജ്യം സമാനതകളില്ലാത്ത ഒരു ജനസംഖ്യാ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. യുദ്ധക്കളത്തിലെ കനത്ത ആൾനാശത്തിന് പുറമെ, കുത്തനെ ഇടിയുന്ന ജനനനിരക്കും വിദേശങ്ങളിലേക്ക് കുടിയേറുന്ന ദശലക്ഷക്കണക്കിന് ആളുകളും യുക്രൈന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുകയാണ്. മുൻ യുക്രൈനിയൻ സൈനിക ഉദ്യോഗസ്ഥയായ ഒലീന ബിലോസെർസ്കയുടെ കഥ യുക്രൈനിലെ ഒരു തലമുറയുടെ നേർചിത്രമാണ്. 2014-ൽ കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹിച്ചിരുന്ന ഒലീനയും ഭർത്താവും രാജ്യം യുദ്ധത്തിലേക്ക് നീങ്ങിയപ്പോൾ അത് മാറ്റിവെച്ചു. 41-ാം വയസ്സിൽ സൈനിക സേവനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത വിരളമാണെന്ന് ഡോക്ടർമാർ അറിയിച്ചു. യുദ്ധം അപഹരിച്ച മാതൃത്വത്തിന്റെ നിരവധി ഉദാഹരണങ്ങളിൽ ഒന്നാണിത്.

പ്രമുഖ യുക്രൈനിയൻ ജനസംഖ്യാ ശാസ്ത്രജ്ഞയായ എല്ല ലിബനോവയുടെ അഭിപ്രായത്തിൽ, യുദ്ധം തുടങ്ങിയ ശേഷം യുക്രൈന് ഏകദേശം 10 ദശലക്ഷം (ഒരു കോടി) ആളുകളെ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരും, അഭയാർത്ഥികളായി രാജ്യം വിട്ടവരും, റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ കഴിയുന്നവരും ഇതിൽ ഉൾപ്പെടുന്നു. യൂറോപ്പിലാകെ ജനനനിരക്ക് കുറയുന്ന പ്രവണതയുണ്ടെങ്കിലും, യുക്രൈനിൽ ഇത് പൂർണ്ണമായും തകർന്നു. സാമ്പത്തിക അനിശ്ചിതത്വവും സുരക്ഷാ പേടിയും കാരണം ദമ്പതികൾ കുഞ്ഞുങ്ങൾ വേണ്ടെന്ന് വെക്കുകയോ നീട്ടിവെക്കുകയോ ചെയ്യുന്നു. വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണവും വർധിച്ചു.

“ജനങ്ങളില്ലാതെ ഒരു രാജ്യത്തിന് നിലനിൽക്കാനാവില്ല,” എന്ന് ലിബനോവ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം അവസാനിച്ചാലും വിദേശത്തേക്ക് പോയ അഭയാർത്ഥികൾ തിരിച്ചുവരുമോ എന്ന കാര്യത്തിലും വലിയ നിശ്ചയമില്ല.
ഇതൊരു ‘മഹാവ്യാധി’ പോലെ യുക്രൈന്റെ ഭാവിയെ ബാധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. തൊഴിലാളികളുടെ കുറവും വാർദ്ധക്യത്തിലേക്കെത്തുന്ന ജനസംഖ്യയും യുദ്ധാനന്തര പുനർനിർമ്മാണത്തിന് വലിയ വെല്ലുവിളിയാകും.

More Stories from this section

family-dental
witywide