
ജനീവ: വെനിസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക ഇടപെടലിലും പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടിയ നടപടിയിലും അതീവ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ ‘അപകടകരമായ ഒരു കീഴ്‌വഴക്കം’ സൃഷ്ടിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് പുറത്തിറക്കിയ പ്രസ്താവനയിലാണ് യുഎന്നിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എന്തുതന്നെയായാലും, ഒരു പരമാധികാര രാജ്യത്തിന് നേരെ ഇത്തരത്തിൽ സൈനിക ശക്തി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.
ലാറ്റിൻ അമേരിക്കൻ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഈ സൈനിക നടപടി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ വക്താവ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറുകളും എല്ലാ രാജ്യങ്ങളും ഒരുപോലെ ബഹുമാനിക്കാൻ ബാധ്യസ്ഥരാണെന്ന് സെക്രട്ടറി ജനറൽ ഓർമ്മിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തപ്പെട്ടതിൽ തങ്ങൾ അങ്ങേയറ്റം ദുഃഖിതരാണെന്നും യുഎൻ അറിയിച്ചു. ജനാധിപത്യപരമായ മാറ്റങ്ങൾ ഉണ്ടാകേണ്ടത് സമാധാനപരമായ ചർച്ചകളിലൂടെയും നിയമപരമായ മാർഗ്ഗങ്ങളിലൂടെയുമാകണമെന്നും അല്ലാതെ മറ്റൊരു രാജ്യത്തിന്റെ സൈനിക ഇടപെടലിലൂടെയാകരുത് എന്നുമാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്.
ചൈനയും റഷ്യയും ഇതിനകം തന്നെ അമേരിക്കൻ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങൾക്ക് പിന്നാലെ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചതോടെ വെനിസ്വേല വിഷയം ആഗോളതലത്തിൽ അമേരിക്കയ്ക്ക് വലിയ നയതന്ത്ര വെല്ലുവിളിയായി മാറുകയാണ്. മഡുറോയെ തടവിലാക്കിയതിലൂടെ ലാറ്റിൻ അമേരിക്കയിലെ രാഷ്ട്രീയ സ്ഥിരത അവതാളത്തിലാകുമോ എന്ന കാര്യത്തിലാണ് യുഎൻ പ്രധാനമായും ആശങ്കപ്പെടുന്നത്. വരും ദിവസങ്ങളിൽ യുഎൻ സുരക്ഷാ കൗൺസിൽ ഈ വിഷയം അടിയന്തരമായി ചർച്ച ചെയ്തേക്കുമെന്നാണ് സൂചനകൾ.















