ആദ്യ ഔദ്യോഗിക സ്ഥിരീകരണം, ഇറാൻ ആണവ നിലയത്തിന് നാശനഷ്ടം സംഭവിച്ചു; നതാൻസിലെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

വാഷിം​ഗ്ടൺ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെ ഇറാന്റെ ആണവ കേന്ദ്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസി സ്ഥിരീകരിച്ചു. ഇറാന്റെ ഏറ്റവും തന്ത്രപ്രധാനമായ ആണവ പരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നായ നതാൻസിലെ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റിനാണ് നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ഇറാന്റെ ആണവ നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ലഭിക്കുന്ന ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്.

ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നും നതാൻസിലെ പ്രവേശന കവാടത്തിലുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി വ്യക്തമാക്കി. എന്നാൽ പ്ലാന്റിനുള്ളിൽ റേഡിയോ ആക്ടീവ് ചോർച്ചയോ മറ്റ് ഗുരുതരമായ ആഘാതങ്ങളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നതായി സൂചനകളൊന്നുമില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ ഏജൻസി മേധാവി റാഫേൽ ഗ്രോസി കഴിഞ്ഞ തിങ്കളാഴ്ച അറിയിച്ചിരുന്നുവെങ്കിലും പുതിയ ഉപഗ്രഹ ചിത്രങ്ങൾ ഇതിന് വിരുദ്ധമായ തെളിവുകളാണ് പുറത്തുവിടുന്നത്.

പ്രധാനപ്പെട്ട ഒരു വെയർഹൗസിനും രണ്ട് ചെറിയ കെട്ടിടങ്ങൾക്കും നേരെ ആക്രമണമുണ്ടായതായി ‘വാന്റർ’ എന്ന സ്പേഷ്യൽ ഇന്റലിജൻസ് കമ്പനി പുറത്തുവിട്ട ചിത്രങ്ങളിൽ വ്യക്തമാണ്. കനത്ത സുരക്ഷയുള്ള ഈ ആണവ കേന്ദ്രത്തിൽ ആറ് ഉപരിതല കെട്ടിടങ്ങളും മൂന്ന് ഭൂഗർഭ കെട്ടിടങ്ങളുമാണുള്ളത്. ഏകദേശം 50,000 സെൻട്രിഫ്യൂജുകൾ സൂക്ഷിക്കാൻ ശേഷിയുള്ളതാണ് ഇതിലെ രണ്ട് ഭൂഗർഭ നിലയങ്ങൾ. കഴിഞ്ഞ ജൂണിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ ഈ നിലയത്തിന്റെ ചില ഭാഗങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായിരുന്നു. നിലവിലെ ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതികളെ എത്രത്തോളം ബാധിക്കുമെന്ന് ആഗോള സമൂഹം ഉറ്റുനോക്കുകയാണ്.

More Stories from this section

family-dental
witywide