
ജനീവ: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയയെും പിടികൂടാനായി അമേരിക്ക നടത്തിയ സൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് ആഞ്ഞടിച്ചു. തിങ്കളാഴ്ച ന്യൂയോർക്കിൽ ചേർന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് അദ്ദേഹം ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാന ശിലയായ നിയമങ്ങൾ ഈ ദൗത്യത്തിൽ പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മഡുറോയുടെ അറസ്റ്റോടെ വെനിസ്വേലയിൽ അസ്ഥിരത വർദ്ധിക്കുമെന്നും ഇത് ലാറ്റിൻ അമേരിക്കൻ മേഖലയെ മൊത്തത്തിൽ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു പരമാധികാര രാജ്യത്തിന്റെ ഭരണത്തലവനെ മറ്റൊരു രാജ്യം ഏകപക്ഷീയമായി സൈനിക നടപടിയിലൂടെ പുറത്താക്കുന്നത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഗുട്ടെറസ് പറഞ്ഞു. പതിറ്റാണ്ടുകളായി സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധി അനുഭവിക്കുന്ന വെനിസ്വേലയിൽ പുതിയ സൈനിക ഇടപെടൽ കൂടുതൽ നാശത്തിന് കാരണമാകും.
ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം രാജ്യം വിട്ടുപോയിട്ടുണ്ട്. സാഹചര്യം ഇനിയും വഷളായാൽ വൻതോതിലുള്ള കുടിയേറ്റം മേഖലയിലുണ്ടാകും. മയക്കുമരുന്ന് കടത്ത്, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ അന്താരാഷ്ട്ര നിയമത്തിൽ വ്യക്തമായ സംവിധാനങ്ങളുണ്ട്. ഈ മാർഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മേഖലയിൽ ഒരു വലിയ യുദ്ധം ഒഴിവാക്കാൻ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കയുടെ സൈനിക നടപടിയിൽ റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഗുട്ടെറസിന്റെ ഈ പ്രസ്താവന വരുന്നത്. വെനിസ്വേലയുടെ പരമാധികാരത്തെ മാനിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവർത്തിച്ച് ആവശ്യപ്പെട്ടു.














