
ഇറാനെ യുഎസും ഇസ്രയേലും ആക്രമിച്ച ആ ദിവസം ട്രംപ് പ്രകടിപ്പിച്ച ആത്മവിശ്വാസം ഇപ്പോൾ നഷ്ടമായോ? ‘നമ്മൾ യുദ്ധം ജയിച്ചു കഴിഞ്ഞു’, ‘ നാലാഴ്ചയ്ക്ക് ഉള്ളിൽ യുദ്ധം തീരും’ ഇറാനെ ആര് നയിക്കും എന്നുള്ളതു ഞാൻ തീരുമാനിച്ചിട്ടുണ്ട്. തുടങ്ങി യുദ്ധം തുടങ്ങിയ ശേഷം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവനകളാണ് ഇതെല്ലാം. എന്നാൽ എത്ര ബോംബുകൾ മഴപോലെ പെയ്തിട്ടും ഹോർമൂസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയാറാകുന്നില്ല. ചുറ്റുമുള്ള ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാൻ തുടരുകയുമാണ്. ഇറാൻ്റെ ഡ്രോൺ ആക്രമണത്തിൽ വലഞ്ഞ് പല രാജ്യങ്ങളും അവരുടെ വ്യോമമേഖല വരെ അടച്ചേണ്ടി വന്നിരിക്കുകയാണ്. ലോക സമ്പദ്വ്യവ്സ്ഥവകൾ മുഴുവൻ കുലുങ്ങി. ഒരുബാരൽ എണ്ണക്ക് 60 ഡോളർ ഉണ്ടായിരുന്നത് 105 ഡോളറായി കുതിച്ചു. പല രാജ്യങ്ങളും തങ്ങളുടെ എണ്ണ റിസർവുകൾ പുറത്തെടുത്തു. ഇന്ത്യയിൽ പാചക വാതകം കിട്ടാതെ പല ഹോട്ടലുകളും പൂട്ടി. ലോകത്തെ ഓഹരി വിപണികൾ എല്ലാം കൂപ്പികുത്തിക്കൊണ്ടിരിക്കുന്നു.
ഹോർമൂസ് തുറക്കാൻ കൂട്ടു വരാൻ ട്രംപ് ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങളില്ല എന്ന നിലപാടിലാണ് അവർ. എന്നാൽ ആരുടേയും സഹായം വേണ്ട ഞാൻ തന്നെ നോക്കിക്കോളാം എന്ന് പിണക്കമായി ട്രംപ്.
നാറ്റോ സംഖ്യത്തോട് സഹായം ആവശ്യപ്പെട്ടിട്ടും തങ്ങളാരും യുദ്ധത്തിനില്ല എന്ന നിലപാടിലാണ് അവരെല്ലാം. ട്രംപ് അധികാരത്തിൽ കയറിയ ഉടനെ നാറ്റോ രാജ്യങ്ങളെ തങ്ങളുടെ ഫണ്ട് തട്ടിയെടുക്കാൻ വന്നവരെന്ന് ആക്ഷേപിക്കുകയും അമേരിക്ക ആ സഖ്യത്തിൽ നിന്ന് പിൻമാറും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് എന്നോർക്കണം. കൂടാതെ യൂറോപ്പിലെ അടക്കം ഒരുമാതിരി എല്ലാ രാജ്യങ്ങളേയും താരിഫ് ചുമത്തി ബുദ്ധിമുട്ടിക്കുകയും അവരെ പരസ്യ പ്രസ്താവനകൾ കൊണ്ട് അപമാനിക്കുകയും ചെയ്തതാണ്. യുദ്ധം തുടങ്ങിയ അവസരത്തിൽ തങ്ങളുടെ വാമാനവാഹിനി കപ്പൽ കൂടി അയക്കാം എന്ന് യുകെ പ്രധാനമന്ത്രി കിയർ സ്റ്റാമർ ട്രംപിനോട് പറഞ്ഞിരുന്നു. ജയിച്ചു കഴിഞ്ഞ യുദ്ധത്തിൽ കൂടെ കൂടാൻ ആരും വരേണ്ടതില്ല എന്നായിരുന്നു അന്ന് ട്രംപിൻ്റെ മറുപടി. ഇന്ന് അതേ ബ്രിട്ടനോട് സഹായം തേടിയിരിക്കുകയാണ് ട്രംപ്. സ്വിറ്റ്സർലൻ്റും സ്പെയിനും ജർമനിയും തീർത്തു പറഞ്ഞു – ഞങ്ങൾ യുദ്ധത്തിനില്ല എന്ന്.
ഇനി എന്തു ചെയ്യും .
യുദ്ധം കൂടുതൽ കടുപ്പിച്ചാൽ എന്താകും സ്ഥിതി . ഇറാൻ സൈനികമായി ദുർബലമാകും എന്നതു ശരിതന്നെ. പക്ഷേ ഹോർമൂസിനലും ഗൾഫിലും അവർ കടുപ്പിക്കും. ഇറാനോട് ഒരു കരയുദ്ധം എന്നത് അമേരിക്കയെ സബന്ധിച്ച് വളരെ ദുർഘടവും ആൾനാശമുണ്ടാക്കുന്നതുമായിരിക്കും . ഇത് അമേരിക്കയിൽ തന്നെ ട്രംപിനെതിരെ ജനരോഷം ഇളക്കിവിട്ടേക്കാം. യുദ്ധച്ചെലവ് വേറെ.
വളരെ ചെലവു കുറഞ്ഞ ഡ്രോണുകളും സീ മൈനുകളും ഉപയോഗിച്ചാണ് ഇറാൻ്റെ ആക്രമണം. അമേരിക്കയുടെ കൈവശമാകട്ടെ വളരെ ചെലവേറിയ ടോമഹോക് മിസൈൽ പോലുള്ള ആയുധങ്ങളും നിസാരമായ ഡ്രോണുകളെ തകർക്കാൻ ഇത്ര വിലപിടിച്ച ആയുധങ്ങൾ ഉപയോഗിച്ചാൽ എത്ര നഷ്ടമായിരിക്കും എന്ന് അമേരിക്ക കണക്കുകൂട്ടുന്നു. വളരെ നിസാരമെന്ന് കരുതിയ ഡ്രോണുകളാണ് യുഎസിന് ഏറ്റവും വലിയ തലവേദന .
യുദ്ധം ജയിച്ചതായി പ്രഖ്യാപിച്ച് പിൻമാറാം.. അങ്ങനെ സംഭവിച്ചാൽ ഇറാനിൽ ട്രംപ് പ്രതീക്ഷിച്ചതുപോലെയുള്ള ഭരണമാറ്റം ഉണ്ടായി എന്നു വരില്ല. മറ്റൊരു വെനസ്വേല അല്ല ഇറാൻ. ഒരു വ്യക്തിയുടെ ഭരണമല്ല. തീവ്രവും ആഴത്തിൽ വേരൂന്നിയതുമായ ഒരു ഇസ്ലാമിക് ഐഡിയോളജിയിലാണ് ആ രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്. വ്യക്തികൾ അവിടെ അപ്രസക്തമാണ്. അല്ലെങ്കിലും ഇറാനിലെ റവ്യൂഷനറി ഗാർഡ് ഇറാൻ്റെ ഭരണം ഏറ്റെടുത്തു കഴിഞ്ഞു. അതുകൊണ്ട് അമേരിക്ക ഉദ്ദേശിക്കുന്ന ഒരു ഭരണമാറ്റം ഇറാനിൽ നടക്കാൻ സാധ്യത വളരെ കുറവാണ്. ഭരണകൂടത്തിനെതിരെ എന്തൊക്കെ അസംതൃപ്തികളുണ്ടായിരുന്നു എങ്കിലും യുഎസ് കടന്നു കയറിയതോടെ ഇറാൻ ദേശീയത ഉണരുകയും ജനം അമേരിക്കക്കും ഇസ്രയേലിനും എതിരെ തിരിയുകയും ചെയ്തിരിക്കുകയാണ്.
















