മകരവിളക്ക് ദിവസം പമ്പയിൽ അനുമതിയില്ലാതെ സിനിമ ഷൂട്ടിങ്; സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്, അബദ്ധം പറ്റിയതെന്ന് പ്രതികരണം

മകരവിളക്ക് ദിവസം ശബരിമല പമ്പ ഹിൽടോപ്പിൽ അനുമതിയില്ലാതെ സിനിമ ചിത്രീകരണം നടത്തിയതിന് സംവിധായകൻ അനുരാജ് മനോഹറിനെതിരെ വനംവകുപ്പ് കേസെടുത്തു. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കാട്ടിൽ നടന്ന ഈ ചിത്രീകരണത്തിന് വനംവകുപ്പിന്റെയോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയോ മുൻകൂർ അനുവാദം ലഭിച്ചിരുന്നില്ല. സന്നിധാനത്തിനടുത്ത് മാധ്യമപ്രവർത്തകർ നിന്നിരുന്ന സ്ഥലത്താണ് ചിത്രീകരണം നടത്തിയതെന്നാണ് വിവരം.

ഓരോ ദിവസത്തെ ചിത്രീകരണത്തിനും 25,000 രൂപ ഫീസും 25,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്ക്കണമെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ ഈ തുകകൾ മുൻകൂട്ടി അടച്ചിരുന്നില്ലാത്തതിനാലാണ് കേസ് രജിസ്റ്റർ ചെയ്തത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടിരുന്നു. എ.ഡി.ജി.പി. എസ്. ശ്രീജിത്തിനെ അറിയിച്ചിരുന്നുവെങ്കിലും ഔദ്യോഗിക അനുവാദം ഒന്നും ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ തനിക്ക് അബദ്ധം പറ്റിയതാണെന്ന് സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞു. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയ അദ്ദേഹം പിഴ അടയ്ക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിനായി ക്യാമറയും മറ്റ് ഉപകരണങ്ങളും ഹാജരാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. കേസിന്റെ റിപ്പോർട്ട് റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലേക്ക് അയച്ചിട്ടുണ്ട്.

Unauthorized Film Shooting at Pamba on Makaravilakku Day – Case Registered Against Director Anuraj Manohar

More Stories from this section

family-dental
witywide