
വാഷിംഗ്ടൺ: ഇറാന് നേരെ അമേരിക്ക നടത്തുന്ന മിസൈൽ ആക്രമണങ്ങളെ വിഖ്യാതമായ ‘നിന്‍റെൻഡോ വീ സ്പോർട്സ്’ (Wii Sports) ഗെയിമുമായി താരതമ്യം ചെയ്തുകൊണ്ട് വൈറ്റ് ഹൗസ് പുറത്തുവിട്ട വീഡിയോ ആഗോളതലത്തിൽ വൻ പ്രതിഷേധത്തിന് വഴിവെക്കുന്നു. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിൽ അമേരിക്കൻ സൈന്യം ഇറാനിലെ വിവിധ കേന്ദ്രങ്ങൾ തകർക്കുന്ന ദൃശ്യങ്ങളെ ഗെയിമിലെ സ്പോർട്സ് ഇനങ്ങളുമായാണ് കോർത്തിണക്കിയിരിക്കുന്നത്. ലക്ഷ്യസ്ഥാനങ്ങൾ മിസൈലുകൾ ഉപയോഗിച്ച് തകർക്കുമ്പോൾ ഗെയിമിലെ ‘സ്ട്രൈക്ക്’, ‘ഹോൾ ഇൻ വൺ’ തുടങ്ങിയ പ്രയോഗങ്ങൾ സ്‌ക്രീനിൽ തെളിയുന്നത് യുദ്ധത്തിന്റെ ഗൗരവത്തെ പരിഹസിക്കുന്നതാണെന്ന വിമർശനം ശക്തമാണ്.
ഗെയിമിലെ ടെന്നീസ്, ഗോൾഫ്, ആർച്ചറി തുടങ്ങിയ രംഗങ്ങൾക്കൊപ്പം യഥാർത്ഥ യുദ്ധഭൂമിയിലെ സ്ഫോടനങ്ങൾ കോർത്തിണക്കിയാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ പോയിന്റ് നേടുമ്പോഴോ ബോക്സിംഗ് മത്സരത്തിൽ എതിരാളിയെ വീഴ്ത്തുമ്പോഴോ ഉള്ള ദൃശ്യങ്ങൾക്കൊപ്പം ഇറാന് നേരെ യുഎസ് മിസൈലുകൾ പതിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ മാറിമാറി വരുന്നു. പശ്ചാത്തലത്തിൽ ഗെയിമിലെ സംഗീതം തുടർച്ചയായി കേൾപ്പിക്കുകയും ‘അൺഡിഫീറ്റഡ്’ എന്ന അടിക്കുറിപ്പോടെയാണ് വൈറ്റ് ഹൗസ് ഔദ്യോഗികമായി ഇത് പങ്കുവെച്ചിരിക്കുന്നത്.
യുദ്ധത്തെ വെറുമൊരു വീഡിയോ ഗെയിം പോലെ ലഘൂകരിച്ചു കാണിക്കുന്ന വൈറ്റ് ഹൗസിന്റെ നടപടി ‘അങ്ങേയറ്റം ക്രൂരം’ എന്നാണ് പലരും വിശേഷിപ്പിച്ചത്. ഇറാഖ് യുദ്ധത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ട ഇറാഖ് യുദ്ധവീരനും സെനറ്ററുമായ ടാമി ഡക്ക്വർത്ത് ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രൂക്ഷമായി രംഗത്തെത്തി. “യുദ്ധം ഒരു വീഡിയോ ഗെയിമല്ല” എന്ന് അവർ എക്സിൽ കുറിച്ചു. നേരത്തെ ‘കോൾ ഓഫ് ഡ്യൂട്ടി’, ‘ജിടിഎ’ തുടങ്ങിയ ഗെയിമുകളിലെ ദൃശ്യങ്ങൾ ഉപയോഗിച്ചും വൈറ്റ് ഹൗസ് സമാനമായ വീഡിയോകൾ പുറത്തുവിട്ടിരുന്നു.
യുദ്ധത്തിൽ നൂറുകണക്കിന് സൈനികർക്ക് പരിക്കേൽക്കുകയും സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്യുമ്പോൾ, ഇത്തരം ‘ട്രോളുകൾ’ പുറത്തിറക്കുന്നത് അമേരിക്കൻ ഭരണകൂടത്തിന്റെ മനുഷ്യത്വഹീനമായ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. എന്നാൽ യുവാക്കൾക്കിടയിൽ യുദ്ധത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും വീഡിയോകൾക്ക് കോടിക്കണക്കിന് കാഴ്ചക്കാരുണ്ടെന്നുമാണ് വൈറ്റ് ഹൗസിന്റെ വാദം. ഇതിലൂടെ ഇറാന്റെ പ്രതിരോധത്തെ തമാശയായി കണ്ട് തള്ളാനാണ് വാഷിംഗ്ടൺ ശ്രമിക്കുന്നത്.















