
ന്യൂഡൽഹി: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയതായെന്ന കോൺഗ്രസിൻ്റെ ആരോപണത്തിന് പിന്നാലെ വിവാദം കനക്കുന്നു. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
2014-നും 2017-നും ഇടയിൽ പുരിയും എപ്സ്റ്റീനും തമ്മിൽ 14 കൂടിക്കാഴ്ചകൾ നടന്നതായും 62 തവണ ഇ-മെയിൽ സന്ദേശങ്ങൾ കൈമാറിയതായും കോൺഗ്രസ് ആരോപിക്കുന്നു. ഇതിൽ 32 ഇ-മെയിലുകൾ പുരി അയച്ചതാണെന്നും 30 എണ്ണം എപ്സ്റ്റീന്റേതാണെന്നും അവർ അവകാശപ്പെട്ടു. 2014 ജൂൺ 5, 6, 8, 9, സെപ്റ്റംബർ 19, 23, 24, ഒക്ടോബർ 9, 10 തീയതികളിൽ കൂടിക്കാഴ്ചകൾ നടന്നതായാണ് കോൺഗ്രസ് ആരോപിക്കുന്നത്. ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പുരി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എപ്സ്റ്റീനുമായി പങ്കുവെച്ചതായും ആരോപണമുണ്ട്.
ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഹർദീപ് സിങ് പുരി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, ഈ ആരോപണങ്ങൾ ഹർദീപ് സിങ് പുരി നിഷേധിച്ചു. എപ്സ്റ്റീനെ താൻ മൂന്നോ നാലോ തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അത് ഔദ്യോഗികമായ അല്ലെങ്കിൽ പ്രൊഫഷണൽ ആവശ്യങ്ങൾക്കായിരുന്നെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
തന്റെ കൂടിക്കാഴ്ചകൾക്ക് എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Union Minister Hardeep Singh Puri met Epstein 14 times, sent emails 62 times; Controversy mounts over Congress’ revelations against him















