
നോർഫോക്ക് (വിർജീനിയ): അമേരിക്കയിലെ ഓൾഡ് ഡൊമിനിയൻ സർവകലാശാലയിലുണ്ടായ വെടിവെപ്പ് ഭീകരാക്രമണമാണെന്ന് എഫ്.ബി.ഐ സ്ഥിരീകരിച്ചു. ഐസിസ് ഭീകരവാദികളെ സഹായിച്ചതിന് മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള മുഹമ്മദ് ബൈലോ ജല്ലോ (36) എന്നയാളാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ വിരമിച്ച ആർമി ഉദ്യോഗസ്ഥനായ ലഫ്റ്റനൻ്റ് കേണൽ ബ്രാൻഡൻ ഷാ കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചയോടെ സർവകലാശാലയിലെ കോളേജ് ഓഫ് ബിസിനസ് കെട്ടിടത്തിലാണ് സംഭവം നടന്നത്. ക്ലാസ് മുറിയിലേക്ക് അതിക്രമിച്ചു കയറിയ ജല്ലോ, ഇത് സൈനിക പരിശീലന വിഭാഗമായ ‘ആർ.ഒ.ടി.സി’ ക്ലാസ് ആണോ എന്ന് ചോദിച്ച ശേഷമാണ് വെടിയുതിർത്തത്. ക്ലാസ് എടുക്കുകയായിരുന്ന ഇൻസ്ട്രക്ടർ ബ്രാൻഡൻ ഷാ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തുടർന്ന് വെടിയുതിർത്ത ജല്ലോയെ ക്ലാസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ധീരമായി നേരിട്ടു. വിദ്യാർത്ഥികളുമായുള്ള മൽപിടുത്തത്തിനിടെ ഒരു വിദ്യാർത്ഥി കത്തി ഉപയോഗിച്ച് അക്രമിയെ വധിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ പെട്ടെന്നുള്ള ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കിയെന്ന് എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.
ആക്രമണ സമയത്ത് ഇയാൾ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. 2009-ൽ ടെക്സസിലെ ഫോർട്ട് ഹുഡിൽ നടന്ന കൂട്ടക്കൊലയ്ക്ക് സമാനമായ ആക്രമണമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
മുൻ വിർജീനിയ നാഷണൽ ഗാർഡ് അംഗമായിരുന്ന ജല്ലോ, ഐസിസിന് സാങ്കേതിക സഹായം നൽകാൻ ശ്രമിച്ച കുറ്റത്തിന് 2017-ൽ 11 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് 2024 ഡിസംബറിലാണ് ഇയാൾ ജയിൽ മോചിതനായത്.
പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെ തുടർന്ന് സർവകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചു. പ്രദേശത്ത് നിലവിൽ മറ്റ് സുരക്ഷാ ഭീഷണികളില്ലെന്ന് നോർഫോക്ക് പൊലീസ് അറിയിച്ചു.
University of Virginia shooting confirmed to be a terrorist attack; suspect is ISIS sympathizer
















