ഇറാനിൽ അശാന്തി ആളുന്നു; 2,500 ൽ അധികം പേർ മരിച്ചു, ഖമേനി വിരുദ്ധ പ്രക്ഷോഭകനെ ഇന്ന് തൂക്കിലേറ്റുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇറാൻ ഭരണകൂടത്തിനും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും എതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അടിച്ചമർത്തലുകളുമാണ് ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിക്കുന്നത്. അതിനിടെ, വിവിധ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം പ്രക്ഷോഭകാരികൾക്ക് നേരെയുള്ള സൈനിക നടപടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏകദേശം 2,500 കടന്നതായാണ് സൂചന.

പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ ഇറാൻ ഭരണകൂടം കർശന നടപടികളാണ് സ്വീകരിക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായ ഒരാളെ ഇന്ന് തൂക്കിലേറ്റുമെന്ന് റിപ്പോർട്ടുണ്ട്. ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 

ജനുവരി 8 ന് പടിഞ്ഞാറൻ ടെഹ്‌റാനിലെ ഫാർദിയാസിൽ നടന്ന പ്രകടനത്തിനിടെ അറസ്റ്റിലായ ഖമേനി വിരുദ്ധ പ്രക്ഷോഭകനായ 26 കാരനായ എർഫാൻ സോൾട്ടാനിക്ക് വധശിക്ഷ വിധിച്ചുവെന്നും ബുധനാഴ്ച വധശിക്ഷ നടപ്പാക്കുമെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സോൾട്ടാനിക്കെതിരായ കൃത്യമായ കുറ്റങ്ങൾ എന്താണെന്ന് ഇനിയും വ്യക്തമല്ല. വിചാരണ നടപടികളിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ, രാജ്യവ്യാപകമായ പ്രതിഷേധങ്ങളിൽ തടവിലാക്കപ്പെട്ടവർക്ക് വേഗത്തിലുള്ള വിചാരണയും വധശിക്ഷയും ഉണ്ടാകുമെന്ന് ഇറാന്റെ ജുഡീഷ്യറി മേധാവി ഘോലാംഹൊസൈൻ മൊഹ്‌സെനി-എജെയ് ബുധനാഴ്ച സൂചന നൽകി. “നമുക്ക് ഒരു ജോലി ചെയ്യണമെങ്കിൽ, അത് ഇപ്പോൾ ചെയ്യണം. എന്തെങ്കിലും ചെയ്യണമെങ്കിൽ, അത് വേഗത്തിൽ ചെയ്യണം” – ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ട ഒരു വീഡിയോയിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.

ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ളവർ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വധശിക്ഷകൾ നടപ്പിലാക്കുന്നത് നിർത്തണമെന്നും ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കണമെന്നും ലോകരാജ്യങ്ങൾ ഇറാനോട് ആവശ്യപ്പെടുന്നു.

Unrest in Iran, More than 2,500 dead, anti-Khamenei protester to be hanged today, report

More Stories from this section

family-dental
witywide