ഒരു തെളിവ് പോലും ഹാജരാക്കാനാകാതെ ട്രംപ് ഭരണകൂടം; റുമൈസ ഓസ്‌തുർക്ക് കേസിൽ കനത്ത തിരിച്ചടി; നിർണായകമായ കോടതി വിധി

വാഷിംഗ്ടൺ: ടഫ്റ്റ്‌സ് സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിനിയായ റുമൈസ ഓസ്‌തുർക്കിന് ഭീകരവാദ ബന്ധമുണ്ടെന്ന് തെളിയിക്കാൻ ട്രംപ് ഭരണകൂടത്തിന് സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന കോടതി രേഖകൾ പുറത്ത്. ഇസ്രായേലിനെ വിമർശിച്ച് ഒരു ലേഖനം എഴുതിയതിന്റെ പേരിലാണ് റുമൈസയുടെ വിസ റദ്ദാക്കിയതെന്നും പുതിയ രേഖകൾ വെളിപ്പെടുത്തുന്നു. 2024-ൽ ഇസ്രായേൽ-ഗാസ യുദ്ധത്തെക്കുറിച്ച് റുമൈസ എഴുതിയ ഒരു ലേഖനമാണ് നടപടിക്ക് ആധാരമായത്. ഗാസയിൽ നടക്കുന്നത് ‘വംശഹത്യ’ ആണെന്നും ഇസ്രായേലുമായുള്ള ബന്ധം സർവ്വകലാശാല അവസാനിപ്പിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഇതിനെത്തുടർന്ന് 2025 മാർച്ചിൽ മുഖംമൂടി ധരിച്ച ഐസ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
റുമൈസ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നോ യഹൂദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നോ തെളിയിക്കാൻ ആഭ്യന്തര സുരക്ഷാ വകുപ്പിന് സാധിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മെമ്മോയിൽ സമ്മതിക്കുന്നു. എന്നിൽ, അമേരിക്കയുടെ വിദേശനയത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കാരണം പറഞ്ഞാണ് വിസ റദ്ദാക്കിയത്.
റുമൈസയുടെ വിസ റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, അവരുടെ വിദ്യാർത്ഥി രേഖകൾ അടിയന്തരമായി പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടു.

സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോയുടെ നേതൃത്വത്തിൽ സമാനമായ രീതിയിൽ വിസ റദ്ദാക്കപ്പെട്ട മറ്റ് വിദ്യാർത്ഥികളുടെ വിവരങ്ങളും പുറത്തുവന്നു. കൊളംബിയ സർവ്വകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഫലസ്തീൻ വംശജനായ മഹ്മൂദ് ഖലീലിന്റെ വിസയും റദ്ദാക്കിയിരുന്നു. ഇസ്രായേൽ അനുകൂല സംഘടനയായ ‘കാനറി മിഷൻ’ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ പലതും നടന്നതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.

ഗാസ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ‘ഭീകരവാദികൾ’ എന്ന് മുദ്രകുത്തി നാടുകടത്താനാണ് ഭരണകൂടം ശ്രമിച്ചതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ഇത് അമേരിക്കൻ ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണെന്ന് കോടതിയും നിരീക്ഷിച്ചു. “വിസ എന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു ആനുകൂല്യം മാത്രമാണ്” എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. അമേരിക്കൻ വിദേശനയത്തിന് ഭീഷണിയാകുന്നവരെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide