
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളെക്കുറിച്ച് യഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപനം നടത്തുന്നതിന് തൊട്ടുമുമ്പ് എണ്ണ വിപണിയിൽ അസാധാരണമായ ഇടപാടുകൾ നടന്നതായി റിപ്പോർട്ട്. മിനിറ്റുകൾക്കുള്ളിൽ കോടിക്കണക്കിന് ഡോളറിൻ്റെ ലാഭമുണ്ടാക്കിയ ഈ നീക്കം ‘ഇൻസൈഡർ ട്രേഡിംഗ്’ (രഹസ്യവിവരങ്ങൾ ചോർത്തി ലാഭമുണ്ടാക്കൽ) ആണോ എന്ന സംശയത്തിലാണ് സാമ്പത്തിക വിദഗ്ധർ.
തിങ്കളാഴ്ച രാവിലെ 7 മണിക്ക് ശേഷമാണ് ട്രംപ് തൻ്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ ഇറാനുമായി ചർച്ചകൾ നടത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഈ പോസ്റ്റ് വരുന്നതിന് കൃത്യം 10 മിനിറ്റ് മുമ്പ്, അതായത് 6:50 ഓടെ, എണ്ണ വിപണിയിൽ പെട്ടെന്നൊരു വൻ കുതിച്ചുചാട്ടം ഉണ്ടായി. ഏകദേശം 580 ദശലക്ഷം ഡോളർ മൂല്യമുള്ള കരാറുകളാണ് ഈ 10 മിനിറ്റിനുള്ളിൽ കൈമാറ്റം ചെയ്യപ്പെട്ടത്. സാധാരണ ഇതേ സമയത്ത് നടക്കാറുള്ള വ്യാപാരത്തേക്കാൾ ആറിരട്ടിയിലധികം വർദ്ധനവാണിത്.
ശനിയാഴ്ച ഇറാനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ച ട്രംപ്, തിങ്കളാഴ്ച പെട്ടെന്ന് നിലപാട് മാറ്റിയത് നിക്ഷേപകരെ അത്ഭുതപ്പെടുത്തിയിരുന്നു. ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണവില കുത്തനെ ഇടിയുകയും ഓഹരി വിപണി 1,000 പോയിൻ്റിലധികം ഉയരുകയും ചെയ്തു. പൊതുവായ വാർത്തകളോ സൂചനകളോ ഇല്ലാത്ത സമയത്ത് ഇത്രയും വലിയ തുകയ്ക്ക് വ്യാപാരം നടന്നത് ട്രംപിൻ്റെ പ്രഖ്യാപനം മുൻകൂട്ടി അറിഞ്ഞ ആരോ നടത്തിയ നീക്കമാണെന്ന് നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ പോൾ ക്രുഗ്മാൻ നിരീക്ഷിച്ചു.
അന്വേഷണം വേണമെന്ന് വിദഗ്ധർ
വിപണിയുടെ വിശ്വാസ്യത തകർക്കുന്ന ഇത്തരം നീക്കങ്ങളിൽ അന്വേഷണം വേണമെന്ന് നിയമവിദഗ്ധർ ആവശ്യപ്പെടുന്നു. “ഇത്രയും വലിയൊരു വ്യാപാരം അസ്വാഭാവികമാണ്. ആരെങ്കിലും രഹസ്യവിവരങ്ങൾ ഉപയോഗിച്ച് ലാഭമുണ്ടാക്കിയോ എന്ന് കണ്ടെത്തേണ്ടതുണ്ട്,” എന്ന് ട്രൗട്ട്മാൻ പെപ്പർ ലോക്കിലെ സ്റ്റീഫൻ പൈപ്ഗ്രാസ് പറഞ്ഞു.
മുമ്പും സമാനമായ രീതിയിൽ യുഎസ്-ഇസ്രായേൽ നീക്കങ്ങൾ മുൻകൂട്ടി പ്രവചിച്ച് പ്രവചന വിപണികളിൽ ചിലർ ലക്ഷക്കണക്കിന് ഡോളർ ലാഭമുണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ട്രംപിൻ്റെ ഭരണകൂടം ഇത്തരം നിയന്ത്രണങ്ങളിൽ അയഞ്ഞ സമീപനം സ്വീകരിക്കുന്നതിനാൽ ഔദ്യോഗിക അന്വേഷണം നടക്കുമോ എന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്ക് ആശങ്കയുണ്ട്.
എണ്ണ വിപണിയിലെ അസ്ഥിരത
ഇറാൻ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു ആഴ്ചകളായി എണ്ണ വിപണിയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിലെത്തി. ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങുന്നതിന് മുൻപുള്ളതിനേക്കാൾ 37 ശതമാനത്തിൻ്റെ വർദ്ധനവാണിത്. സാധാരണ നിലയേക്കാൾ ഇരട്ടിയിലധികം വ്യാപാരമാണ് ഇപ്പോൾ നടക്കുന്നത്.
അസാധാരണമായ പ്രവചനങ്ങൾ?
എണ്ണ വിപണിയിൽ കൃത്രിമത്വം നടക്കുന്നുണ്ടോ എന്ന സംശയം ശക്തമാണ്. രാഷ്ട്രീയവും കായികവുമായ കാര്യങ്ങളിൽ ബെറ്റിംഗ് നടത്താൻ സൗകര്യമൊരുക്കുന്ന ‘പ്രെഡിക്ഷൻ മാർക്കറ്റുകളിൽ’ (Prediction markets) രഹസ്യവിവരങ്ങൾ ചോർത്തി ലാഭമുണ്ടാക്കൽ നടക്കുന്നുണ്ടോ എന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്. യുഎസ്-ഇറാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് എട്ട് പോളിമാർക്കറ്റ് ഉപഭോക്താക്കൾ നടത്തിയ 70,000 ഡോളറിൻ്റെ ബെറ്റിംഗുകൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
വിപണിയിലെ ഇത്തരം പ്രവണതകൾ തടയാൻ കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷൻ (CFTC) നിയമങ്ങൾ പരിഷ്കരിക്കുകയാണ്. ഗവൺമെൻ്റ് തീരുമാനങ്ങൾ, യുദ്ധം തുടങ്ങിയവയെ ആസ്പദമാക്കി ബെറ്റിംഗ് നടത്തുന്നത് തടയാൻ അമേരിക്കൻ ജനപ്രതിനിധികൾ പുതിയ ബില്ലും അവതരിപ്പിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ രഹസ്യവിവരങ്ങൾ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നത് തടയുകയാണ് ഇതിൻ്റെ ലക്ഷ്യം. ഇതിനിടയിൽ, സർക്കാർ കർശന നടപടികളിലേക്ക് നീങ്ങുന്നത് മുൻകൂട്ടി കണ്ട് കാൽഷി (Kalshi), പോളിമാർക്കറ്റ് (Polymarket) തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ നിയമങ്ങൾ പരിഷ്കരിക്കാൻ തുടങ്ങിയിട്ടുണ്ട്.
Unusual transactions in the oil market even before Trump’s post about talks with Iran















