യുഎസ് വിമാനവാഹിനിക്കപ്പലും മൂന്ന് യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക്; ലക്ഷ്യം ഇറാനോ?

വാഷിംഗ്ടൺ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെത്തുടർന്നുണ്ടായ തർക്കങ്ങളിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായിരിക്കുകയാണ്. പ്രമുഖ വിദേശ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ഇതിനിടെ, പസഫിക് സമുദ്രമേഖലയിലുണ്ടായിരുന്ന യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലും മറ്റ് മൂന്ന് യുഎസ് യുദ്ധക്കപ്പലുകളും പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങുകയാണ്. ജനുവരി 20-ഓടെ ഈ കപ്പലുകൾ ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചതായി റിപ്പോർട്ടുകളുണ്ട്.

അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ തങ്ങളുടെ കൈവശമുള്ള മുഴുവൻ കരുത്തുമുപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പ് നൽകി. ഒരു പൂർണ്ണ തോതിലുള്ള യുദ്ധം ഭയാനകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിലെ പ്രക്ഷോഭകരെ അടിച്ചമർത്തുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. തന്റെ ജീവനുനേരെ എന്തെങ്കിലും ഭീഷണിയുണ്ടായാൽ ഇറാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കാരണം ഇറാനിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഇതിനകം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഖലയിലെ സമാധാനത്തിന് വിഘാതമാകുന്ന രീതിയിൽ ഇരുരാജ്യങ്ങളും പരസ്പരം താക്കീതുകൾ നൽകുന്നത് തുടരുകയാണ്. ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്ഥിതിഗതികൾ ജാഗ്രതയോടെ വീക്ഷിക്കുന്നുമുണ്ട്.

US aircraft carrier and three warships heading to the Middle East.

More Stories from this section

family-dental
witywide